(ജീവിത വീഥിയിൽ കൈകോർത്ത് നടന്നു അറുപത്തിയേഴുസംവത്സരം പൂർ ത്തിയാക്കിയ മാതാപിതാക്കളെ ആദരിക്കുന്ന ഒരു ചടങ്ങിനു കഴിഞ്ഞ ദിവസം സാക്ഷിയായി.... അച്ഛനമ്മമാരെ പെരു വഴിയിൽ തള്ളുന്ന മക്കളുടെ കഥകേട്ടു മടുത്ത മനസ്സിന് ഏറെ തൃപ്തിയും സമാധാനവും നൽകി ആ നിമിഷങ്ങൾ ....ഇത് പോലുള്ള കുടുംബക്കൂട്ടായ്മകൾ ഈ തലമുറയെ ബോധവൽക്കരിക്കാൻ ആവശ്യം ആവശ്യമാണെന്ന് തോന്നിപ്പോയി.സ്വന്തം അച്ഛനമ്മമാരായി അവരെ മനസ്സിൽ കുടിയിരുത്തി ഞങ്ങളും അവർക്ക് മംഗളം ആശംസിച്ചു.)
മംഗളാശംസകൾ
*****************
ജീവിതം മഹാ സാഗരം ദൂരെ
ദൂരയായ് കര മാടി വിളിക്കയായ്
ഉണ്ടൊരു തോണി അവിടെയെത്തുവാൻ
ഉണ്ടിവൾ ഭാര്യ കൂടെത്തുഴയുവാൻ
പൊന്തിടും തിരമാലകൾ മുന്നിൽ
വന്മതിലുകൾ തീർക്കുന്നു സത്വരം
ആധി വ്യാധി വറുതി വീഥിയിൽ
മാർഗ വിഘ്നം വരുത്തിയനിശ്ചിതം
സ്വന്ത ബന്ധ കുടുംബ സമൂഹവും
ജന്മ നാടും പണയ പണ്ടങ്ങളായ്
അലമുറയിട്ടുണർന്നു നൂറായിരം
അടിമജന്മങ്ങൾ സ്വാതന്ത്ര്യകാംക്ഷികൾ
ഉടമകൾക്ക് കളിപ്പാട്ടമായവർ
ഉയിരുകാക്കുവാൻ നെട്ടോട്ടമോടിയോർ
അവരിലൊന്നായ് മഹയുദ്ധഭൂമിയിൽ
അനുഭവങ്ങൾ തൻ തീയിലുരുകിയോർ
കഠിനദു:ഖങ്ങൾ മന:ധൈര്യത്തിനാൽ
മാറി കടന്നെത്തി വിജയ വീഥിയിൽ
വൻ കുഴിതാണ്ടി പെരുമലകേറി
ജീവിതം സൗമ്യമാമൊരു കാവ്യമായ്
വർണ്ണ പുഷ്പം വിടർത്തി വസന്തങ്ങൾ
സ്വന്തമായ് ത്തീർന്നൊരുപാട് സ്വപ്നങ്ങൾ
പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കീടുകിൽ
കഷ്ടനഷ്ടത്തി ന്നോർമ്മയല്ലിന്നിത
സാരഹീനമാം ഭാവം ,അധരത്തിൽ
ഊറി എത്തുന്നു നേർത്തോരു പുഞ്ചിരി.
വിജയ ഗർവ്വോടറിവു തിരി തെളി-
ഞ്ഞൊളി പരത്തു കയാണീ കുടുംബകം
ഇവിടെയാനന്ദമായലങ്കാരമായ്
പിറവികൊണ്ടവർ ഏഴു പൊൻ മുത്തുകൾ
ഒറ്റമേനിപോൽ ഒരുമനമോടെ
ദു:ഖ ഭാരങ്ങളെല്ലാമകറ്റിയോർ
നന്മതൻ വഴിച്ചൊല്ല് കേട്ടിതാ
നല്ലവരായ് വളർന്നു പടർന്നവർ
ശാഖകൾ ഉപശാഖകൾ പുത്തനാം
നാമ്പുകൾ നവജീവിത ഗന്ധിയായ്
എത്രവേഗമാണീ കാലചക്രത്തിൻ
തേരുരുളുന്നതോർക്കുകിൽ അത്ഭുതം
ഒക്കെയിന്നലെയായിരുന്നെ,ങ്ങനെ
പോന്നറുപത്തിയേഴ് സംവത്സരം
സത്യമാണ,തീ ദാമ്പത്യജീവിതം
എത്ര വേഗം തികച്ചിത്ര വാസരം ...!!
തൃപ്തിയോടിന്നു നന്ദിചൊല്ലീടുവാൻ
മറ്റൊരാളില്ല ,എല്ലാം ഭഗത് കൃപ ..!
കേൾപ്പതുണ്ട് ഹൃദയം തകർക്കുന്ന
വാർത്ത നിത്യവും ദിക്ഭേദമില്ലാതെ
പെറ്റ് പോറ്റി വളർത്തിയ മക്കളി-
ന്നച്ഛനമ്മമാരെ തട്ടി മാറ്റുന്നു
അന്ത്യനാളിൽ തുള്ളി വെള്ളം നനയാതാ
ചുണ്ടുകൾ മൌനം കുടിച്ചീടുന്നു.
മന്ദിരങ്ങളിൽ പോവത് മക്കളി-
ന്നമ്മയെ നട തള്ളൂവാൻ മാത്രമായ്
പൊന്നിനും തുണ്ട് ഭൂവിനും കാശിനും
പെറ്റ തള്ളയെ കുത്തി മലർത്തുന്നു
ജീവിതം തീർന്നു കിട്ടുവാനെത്രയോ
വൃദ്ധജന്മങ്ങൾ നൊന്തു വിതുമ്പുന്നു.
ശാന്തമാകു മനസ്സേ ...സൗഭാഗ്യമായ്
ശാന്തിയോടെ മരുവുന്നതീഗൃഹം .
കൃത്യമായൊഴുകി എത്തുന്നു നിർവിഘ്നം
സപ്ത ശാഖകൾ ഓണം വിഷുക്കളിൽ
ഇത്തറവാട്ടിൻ മുറ്റത്ത് മോദമായ്
ഒത്തുചേർന്നു മദിച്ചുല്ലസിക്കുവാൻ
ഇപ്പോഴെത്തിയതേറെ മഹത്വമീ
ദൈവതുല്ല്യർതൻ വാർഷികവേളയിൽ
മക്കളും മരുമക്കളും പിൻമുറക്കൊപ്പമായ്
സ്നേഹാശംസകൾ ചൊല്ലിടാൻ
പ്രേമനിർഭരജീവിതം രണ്ടിണ -
പ്രാവുപോലറുപത്തേഴു വർഷങ്ങൾ
കൂട്ടുകൂടി കുറുകി വന്നെത്തിയീ
മംഗള സുദിനത്തിൻ നിമിത്തമായ്
നീണ്ടു പോകട്ടെ ഇവ്വിധം സന്തുഷ്ട
ജീവിതം ഞങ്ങൾക്കാത്മ ചൈതന്യമായ്
ഒത്തുചേർന്നാശംസിക്കുന്നു ഞങ്ങളും
മംഗളം പിതാ ..!മംഗളം മാതാവേ....!!
2 comments:
നീണ്ടു പോകട്ടെ ഇവ്വിധം സന്തുഷ്ട
ജീവിതം ഞങ്ങൾക്കാത്മ ചൈതന്യമായ്
ഒത്തുചേർന്നാശംസിക്കുന്നു ഞങ്ങളും
മംഗളം പിതാ ..!മംഗളം മാതാവേ....!!
thank u gireesh
Post a Comment