Thursday, July 18, 2013

???

ദൈവങ്ങളെ ....
നിങ്ങളുടെമുന്നിൽ
എരിഞ്ഞു കത്തുവാനുള്ള മെഴുതിരികൾ
എങ്ങനെ എത്തി
ഒരഞ്ചു വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ .... ?
നിയമത്തിന്റെ മാത്രമല്ല
നിങ്ങളുടെയും കണ്ണുകൾ അടഞ്ഞു തന്നെ .. .?
അത്രമേൽ ഇഷ്ടമായിരുന്നാക്കുരുന്നിനെ എങ്കിൽ
കൊണ്ട് പോകാമായിരുന്നില്ലേ ...,
എന്തിനാ നീചന്റെ മുന്നിലേയ്ക്കിട്ടു കൊടുത്തു ...?
ഒരിക്കലും നന്നാകില്ല
ഈ മണ്ണും മനുഷ്യരും ദൈവങ്ങളും.???

Friday, April 12, 2013

സ്വപ്ന വീട്



അന്നു ആഗ്രഹങ്ങൾ ചെറുതായിരുന്നു.രണ്ട് ചെറിയ മുറി.അടുക്കള.ഏറ്റവും കുറഞ്ഞ ചെലവിൽ ഒരു വീട്...ചെങ്കല്ലുകൾ മാത്രം നിറഞ്ഞ വിജനമായ ഒരു കുന്നിൻ ചെരിവിൽ 1989-ൽ അതു സാധിച്ചു.പ്ലാൻ വരച്ചു തന്ന ഏട്ടൻ ചോദിച്ചു.
ഒരു കാർ പോർച്ച്...?
എന്തിന്...? പരമാവധി ഒരു 

 ഓട്ടോ...അതിനപ്പുറം...ഇല്ലേയില്ല.....  
 










      



                 ഉള്ളിൽ പൂർത്തിയാക്കാൻ പണികൾ ഉണ്ടായിരുന്നു . അതോടൊപ്പം വരാന്ത ഒന്ന് ഇഷ്ടിക കെട്ടി മറച്ചു . പെയ്ന്റിന്റെ നിറവും മാറ്റി . 1992-ൽ 















കുഞ്ഞുങ്ങൾ  വളർന്നപ്പോൾ അവർ ക്ക് സ്വന്തമായി 
മുറികൾ വേണമെന്നായി . ബന്ധുക്കൾ കൂടെ 
ഉണ്ടായിരുന്നു എന്നതും മുറിയുടെ എണ്ണം കൂടണം 
എന്ന ആഗ്രഹത്തിന്
പ്രേരകമായി . ഓട്ടോ പോർച്ചിൽ ഒരു സ്കൂട്ടർ സ്ഥാനം
 പിടിച്ചു അപ്പോഴേയ്ക്കും . 1 9 9 4 ൽ . 



കാറെന്ന സ്വപ്നം ഒടുവിൽ  യഥാർത്ഥ്യ മായപ്പോൾ
 ഓട്ടോ പോർച്ച് മതിയാകാതെ വന്നു. 
താഴെ പോർച്ചും മുകളിൽ ഒരു മുറിയുമായി വീണ്ടും വീട് വലുതായി... 








 





നിറങ്ങൾ  മാറി മാറി വന്നു .


അന്ന്  ആഹാരം  വാരി കൊടുത്ത മോൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിലെത്തുന്ന ഉദ്യോഗസ്ഥൻ  ആയി. ചുവരിൽ കൈകുത്തി നിന്ന നീല ഷർട്ടുകാരൻ അവന്റെ 8മാസം പ്രായമുള്ള മകനോടും പ്രിയ സഖിയോടുമൊപ്പം പ്രവാസ ജീവിയായി....



ടാറിട്ട റോഡായി . 
പച്ചപ്പുകളും  പൂക്കളും കാണാറായി 
ചുറ്റും കോണ്‍ക്രീറ്റ് കാടുകളും  

                                                             





                                                                    ഇന്ന്
                                                           ഈ വലിയ വീട്ടിൽ
                                                   മക്കളെത്തുന്ന ദിവസങ്ങളുടെ
                           പ്രതീക്ഷകളും ആഘോഷങ്ങളുമായി അച്ഛനും അമ്മയും മാത്രം




Sunday, April 7, 2013

ഡമോക്ലസ്സിന്റെ വാളുകൾ



പ്രണയത്തെക്കുറിച്ച് എഴുതുവാൻവയ്യ ,
എന്നെക്കുറിച്ചെന്നു പഴി..!. 
പ്രണയ നൈരാശ്യത്തെക്കുറിച്ച് ഒട്ടും പറ്റില്ല. 
ഞാൻ അതിന്റെ വിഷമത്തിലെന്നു സഹതാപം...!!
(അവൾക്ക് അങ്ങനെ തന്നെ കിട്ടണമെന്ന കുശുമ്പും )
തകർന്ന കുടുംബ ബന്ധത്തിന്റെ കഥ പറയാമെന്നു വച്ചാൽ,
എനിക്ക് നേരെ മാത്രമല്ല കൂർത്ത  നോട്ടം, 
ഒന്നുമറിയാത്ത പ്രിയന്റെ നേരെയും ... !
പീഡനകഥയിലെ നായികയെ കുറിച്ചായാലോ...?
അത് പറയാതിരിപ്പത് തന്നെ ഭേദം .. !!!
ഏതോ മകനെക്കുറിച്ചായാൽ.....!
ഏതോ അമ്മയെക്കുറിച്ചായാൽ ... !
ഏതോ മരുമകളെക്കുറിച്ചായാൽ ..!
ഏതോ അമ്മായി അമ്മ ... !
അച്ഛൻ ...! ഏട്ടൻ .... !സഹോദരി.... !നാത്തൂൻ .... !
അളിയൻ ...! മൂത്താപ്പ ...! എളേപ്പാ ... !
എന്തോ ..?!!. ഏതോ ....?!!
ആരെക്കുറിച്ചായാലും.... ,
ശ്യോ .... ഞാൻ തോറ്റു .... !!
ദേ ... തൂങ്ങിക്കിടക്കുന്നു
ഡമോക്ലസ്സിന്റെ വാളുകൾ ...!!!?


Tuesday, February 19, 2013

നിക്ഷേപം

നിക്ഷേപം 

എത്ര ഭംഗിയില്‍ 
നിരത്തി വച്ചിരിക്കുന്നു 
ഈ പലഹാരങ്ങള്‍.  
ജിലേബി ... ലഡ്ഡു .. 
പേരറിയാ  
മധുരങ്ങളേറെ ... 
മാമ്പഴം ... മാതളം .... 
ആപ്പിള്‍ ...മുന്തിരി ..
പഴക്കൂട്ടങ്ങളും... 
നോക്കി നോക്കി  
കൊതിച്ചു അന്ന് .... 
വയര്‍ നിറച്ചൂട്ടിയുമിനീര്‍ ... 
പോക്കറ്റ് ..കാലി . 
ഇന്ന്,
നിറഞ്ഞ കീശ.  
അന്തസ്സോടെ 
എടുത്തു നീട്ടുന്നു കറന്‍സി ... 
പൊതിഞ്ഞു കിട്ടി 
പലഹാരങ്ങള്‍ ,
പഴങ്ങള്‍ ... 
പക്ഷെ ,
തിന്നുവതെങ്ങനെ ...? 
മധുര നിക്ഷേപം ഉള്ളില്‍ .  

Friday, January 4, 2013

പാപനാശിനിയിലേക്കൊരു യാത്ര.



                

                          പൊടുന്നനെ ഞങ്ങളെ വിട്ടു പോയ സഹോദരിയുടെ ചിതാഭസ്മം പാപനാശിനിയില്‍ നിമഞ്ജനം ചെയ്ത് കര്‍മ്മങ്ങള്‍ നടത്തുവാനാണ് ഞങ്ങള്‍ തിരുനെല്ലിയില്‍ പോയത് .ഇളയ രണ്ടു സഹോദരിമാരും   ഒരു മരുമകനും ചന്ദ്രേട്ടനും പിന്നെ ഞാനും ഞങ്ങളുടെ   കാറില്‍ പുലര്‍ച്ചെ 4.30ന് വീട്ടില്‍ നിന്നും പുറപ്പെട്ടു.വയനാട് ചുരം കയറുമ്പോള്‍ ഇരുട്ട് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ...ആഴത്തിന്റെയും ഉയരത്തിന്റെയും അത്ഭുതങ്ങളില്‍ കുളിര്‍ന്ന്  ചുരം കയറി ഞങ്ങള്‍  മാനന്തവാടിയിലെത്തി .അവിടെ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു .
                        വനമേഖലയിലൂടെയാണ്  പോകുന്നത് ..ആനയും കടുവയുമൊക്കെ  ഇറങ്ങാറുള്ള വഴി...ഞാനാണെങ്കില്‍ പുലര്‍ച്ചയ്ക്ക് ഒരു സ്വപ്നം കണ്ടിരുന്നു; ഞങ്ങളുടെ വണ്ടിക്കു മുന്നില്‍ ഒരാന വന്നു നില്‍ക്കുന്നത്.പുലര്‍ച്ചയ്ക്ക് കാണുന്ന സ്വപ്നം ഫലിക്കുമെന്ന ഒരു മിഥ്യാ ധാരണ എന്റെ അബോധ മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ആനയെ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ആന പോയിട്ട്  ഒരു ചേന പോലും ഞങ്ങള്‍ക്ക് കാണാനായില്ല .
                         ഭയം കലര്‍ന്ന കൗതുകം ഉണര്‍ത്തുന്ന ഇട തൂര്‍ന്ന ഒരു കാട് എന്നതായിരുന്നു ആ പ്രദേശത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന സങ്കല്‍പം .അങ്ങനൊരു കാലം ഉണ്ടായിരുന്നിരിക്കാം .
മനുഷ്യന്റെ കടന്നു കയറ്റം കാടിന്റെ കാടത്തം നഷ്ടപ്പെടുത്തിയത് പോലെ തോന്നി. മാത്രമല്ല കാടിന്റെ ഏറെ ഭാഗവും പ്രാമാണികത്വം പുലര്‍ത്തിയിരുന്ന മുളം കൂട്ടങ്ങള്‍ ഏതോ രോഗ ബാധയാല്‍ നിശ്ശേഷം നശിച്ചു കിടക്കുന്ന കാഴ്ച ശരിക്കും വേദനാകരം ആണ്.കണ്ണെത്തുന്ന ദൂരത്തെല്ലാം ആ കാഴ്ചതന്നെ.അവയില്‍ നിന്നും കേടുപാടില്ലാതെ എടുക്കാന്‍ പറ്റിയ മുളകള്‍ വെട്ടിക്കൂട്ടിയതും കണ്ടു.
                           വയനാടന്‍ മലകളെ പ്പറ്റി ഓര്‍ക്കുമ്പൊഴെല്ലാം കാപ്പിത്തോട്ടങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും  മനോഹാരിതയാണ് മനസ്സില്‍ തെളിയുക.പക്ഷെ അതും നിരാശാ ജനകം ആയിരുന്നു.അപൂര്‍വ്വം ചിലയിടങ്ങളില്‍ മാത്രമേ  അങ്ങനെ കാണാന്‍ കഴിഞ്ഞുള്ളൂ.
വേനല്‍ക്കാലത്ത് ഇങ്ങനെ തന്നെ ആയിരിക്കുമോ? എന്തായാലും വഴിക്കാഴ്ചകള്‍ അത്ര സന്തോഷം ഒന്നും തന്നില്ല.
                             ഏകദേശം ഒന്‍പതു മണിയോടെ ഞങ്ങള്‍ തിരുനെല്ലിയില്‍ എത്തി.ചിതാഭസ്മം നിമഞ്ജനം ചെയ്ത് കുളിച്ചു വന്ന് ക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമേ കര്‍മ്മം നടത്താന്‍ പറ്റു .ക്ഷേത്രത്തിനു വലതുഭാഗത്തു ള്ള  ഇടവഴിയിലൂടെ നടന്നു ചെല്ലുമ്പോള്‍ താഴേയ്ക്കുള്ള പടികള്‍ കാണാം.പടികളിറങ്ങി നേരെ നടന്നാല്‍ ഇടതു ഭാഗത്ത് പഞ്ചതീര്‍ഥക്കുളം .അതില്‍  നീലത്താമര വിരിഞ്ഞു നില്ക്കുന്നുണ്ട് .കല്ല്‌ പാകിയ വഴിയും അവിടെ വരയെ ഉള്ളു. പിന്നെ നടന്നു തേഞ്ഞ വലിയ കല്‍ക്കൂട്ടങ്ങളുടെ മുകളിലൂടെയാണ്‌ നടക്കേണ്ടത്. ചെറിയ ഒരു കയറ്റത്തിന്റെ പകുതി എത്തുമ്പോള്‍  ചിതാഭസ്മം ഒഴുക്കേണ്ട സ്ഥലത്തേക്കുള്ള ബോര്‍ഡ് ഇടതു ഭാഗത്ത്  കാണാം.നേരെ പോകുന്നത് പാപനാശിനിയിലേക്കും.
                                     
അവിടെ എത്തിയപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി. കുറഞ്ഞപക്ഷം  നിറയെ വെള്ളമുള്ള ഒരു തോട് എങ്കിലും ആയിരിക്കും അതെന്നു ഞാന്‍ കരുതിയിരുന്നു.  പക്ഷെ നൂലുപോലെ ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കെട്ടിനിര്‍ത്തിയിട്ടുള്ള ഒരു  കുഴി ....അതിലാണ് ആളുകള്‍ മുങ്ങിക്കുളിക്കുന്നത്.അതില്‍ നിന്നും കല്ലുകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം  കല്ലുകെട്ടിയ ചാലിലൂടെ താഴേയ്ക്ക് ഒലിച്ചു പോകുന്നു. 

ആ ചാലില്‍ ഇറങ്ങിനിന്നാണ് ആളുകള്‍ ബലിയിടല്‍ കര്‍മ്മം ചെയ്യുന്നത്.തിരക്കുള്ളപ്പോള്‍ ഒരേ സമയം ഒരു പാട് പേര്‍ നിരന്നു നിന്ന് ബലിയിടുന്നു.എല്ലാം പറഞ്ഞു കൊടുക്കാനും മന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കാനും  സ്വാമിമാര്‍ ഉണ്ട്.ദക്ഷിണയും വാങ്ങി അടുത്ത ഊഴം കാത്തിരിക്കും അവര്‍.
വീണ്ടും വെള്ളത്തില്‍ മുങ്ങി കയറി വന്ന് ഈറന്‍ മാറ്റിയ ശേഷം ക്ഷേത്രത്തില്‍ പോയി മനസ്സ് നിറഞ്ഞു പ്രാര്‍ഥിച്ച് സന്തോഷത്തോടെ ഭക്തര്‍ മടങ്ങിപ്പോകുന്നു.
                                   ആളൊഴിയുന്നതും കാത്തിരിക്കുന്ന വാനരക്കൂട്ടങ്ങള്‍ അവിടെ ധാരാളം ഉണ്ട്.
ബലി ശേഷിപ്പുകള്‍ക്കായി അവര്‍ കടിപിടികൂടുന്നതും സ്ഥിരം കാഴ്ചയാണത്രേ. മാത്രമല്ല ആളുകളുടെ സഞ്ചികളും വസ്ത്രങ്ങളുമൊക്കെ അടിച്ചെടുക്കാനും മിടുക്കരാണവര്‍... ചിലപ്പോള്‍ അവ മനുഷ്യരെ ഉപദ്രവിക്കയും ചെയ്യും.
                             മരിച്ച സഹോദരി വിവാഹിതയല്ലാത്തതിനാല്‍  മൂത്ത സഹോദരിയുടെ മകനാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്.ഞാനൊഴികെ മറ്റു നാലുപേരും ബലിയിട്ടു.തണുത്ത വെള്ളത്തില്‍ മുങ്ങി ഈറനോടെ ചാലില്‍ പരന്നൊഴുകുന്ന കുറച്ചു വെള്ളത്തില്‍ കാല്‍ നനച്ചു നിന്ന് സ്വാമി ചൊല്ലി ക്കൊടുത്ത മന്ത്രങ്ങള്‍ ഏ റ്റു ചൊല്ലി അവര്‍ സഹോദരിക്കായും പരേതരായ  മറ്റു കുടുംബാംഗങ്ങള്‍ക്കായും  പ്രാര്‍ഥിക്കുന്നത് ഞാന്‍  കരയില്‍  കണ്ടു നിന്നു. അവരുടെ വാച്ച്,ഫോണ്‍,പേഴ്സ്,മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങള്‍ എല്ലാം എന്റെ കൈവശം ഉണ്ടായിരുന്നു.എന്റെ അടുത്തുള്ള മരത്തില്‍ രണ്ടു മൂന്ന് വൃത്തികെട്ട  കുരങ്ങന്മാര്‍ എന്നെ ലക്‌ഷ്യം വച്ച് നോക്കുന്നത് എന്നില്‍ ഭീതിയുളവാക്കി .
മറ്റു ബുദ്ധിമുട്ടുകളൊന്നും കൂടാതെ കര്‍മ്മം കഴിഞ്ഞ് മുങ്ങിക്കയറി ഈറന്‍ മാറ്റി.ഞങ്ങള്‍ തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് നടന്നു.
പടിയിറങ്ങിപ്പോകാന്‍ എളുപ്പമായിരുന്നെങ്കിലും കയറി വരാന്‍ അല്പം കിതയ്ക്കേണ്ടി വന്നു.
                           
 മഹാവിഷ്ണുവിന്റെ പേരിലുള്ള ക്ഷേത്രമാണിത്.ദൂര ദേശ ങ്ങളില്‍ നിന്നു  പോലും ധാരാളം പേര്‍ ഇവിടെ വന്നു തൊഴുതു പോകുന്നു.അമ്പലം അത്ര വലിപ്പമുള്ളതല്ല ...പക്ഷെ വിശ്വാസം ...അതല്ലേ എല്ലാം. അമ്പലത്തിന്റെ പുനര്‍ നവീകരണം നടക്കുന്നുണ്ട്.പാപനാശിനി യില്‍ ഫോട്ടോ എടുക്കുന്നതിനു വിലക്കുണ്ട്.കുളി സീന്‍ പകര്‍ത്തുമെന്ന ഭയമാകാം.ആരും ഇല്ലാത്ത നേരം നോക്കി എന്റെ ക്യാമറ രണ്ടു മൂന്ന് പ്രാവശ്യം കണ്ണ് ചിമ്മി .  അമ്പലത്തിലും അങ്ങനെ തന്നെ .എങ്കിലും നവീകരണ ഫണ്ടിലേക്ക് നല്‍കിയ തുക ആ വിലക്കിനെ ഒന്ന് മയപ്പെടുത്തി.അമ്പല  മുറ്റത്ത് നിന്നുള്ള  പരിസരക്കാഴ്ച വളരെ മനോഹരം ആണ് .
                               തൊഴുത് വഴിപാടുകള്‍ നടത്തി പ്രസാദവും വാങ്ങി ഞങ്ങള്‍  മടങ്ങി.

തിരിച്ചു വരുമ്പോള്‍ വഴിയരികില്‍ നിര്‍ത്തിയ ഒരു കാറിനരികില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരാളെ മുന്‍പ് കണ്ട പരിചയം തോന്നി. മനോജ്‌ രവീന്ദ്രന്‍ എന്ന നിരക്ഷരനെപ്പോലൊരാള്‍ .'അയ്യോ അത് നീരുവല്ലെ ..! ഒന്ന് വണ്ടി നിര്‍ത്തു' എന്ന് പറയുമ്പോഴേയ്ക്കും കുറെ ദൂരം പിന്നിട്ടിരുന്നു.

                               പിന്നീടുള്ള യാത്രയില്‍ എന്റെ ക്യാമറ പലകാഴ്ചകളിലേയ്ക്കും കണ്ണ് തുറന്നു.
പിന്നെ കണ്ണ് തുറക്കാതെയായി .കാരണം അതിന്റെ ബാറ്ററി  പോരും മുമ്പ് ചാര്‍ജ് ചെയ്തിരുന്നില്ല .
 (തലേന്ന് രാത്രി വരെ  കൂടെ പുറപ്പെടാനിരുന്ന സുഹൃത്ത് ഒഴിവായപ്പോള്‍ ആ  ഒഴിവിലേയ്ക്കു  എനിക്ക് ചാന്‍സ് കിട്ടുകയായിരുന്നു.പോകാനിറങ്ങുമ്പൊഴാണ്    ക്യാമറയുടെ കാര്യം ഓര്‍ത്തതും ബാഗില്‍  എടുത്തു വച്ചതും.)ക്യാമറ മാറ്റി  വച്ച്   മൊബൈല്‍ കയ്യിലെടുത്തു.പിന്നെ അഭ്യാസം മുഴുവന്‍ അതിലായി.  
                                 മാനന്തവാടിയില്‍ എത്തി കോഫി ഹൌസില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു .
വയനാട്ടില്‍ വന്നു മടങ്ങുമ്പോള്‍ നല്ല ചായപ്പൊടി വാങ്ങാതെ വരുന്നതെങ്ങനെ..?അതിനു പെരിയ പീക്കില്‍ പോകുന്നതാണ് നല്ലത് എന്ന് കോഫി ഹൌസില്‍ ജോലിചെയ്യുന്ന ഞങ്ങളുടെ അയല്‍   വാസി പ്പയ്യന്‍  പറഞ്ഞതിന്‍  പ്രകാരം   ഞങ്ങള്‍ റൂട്ട് ഒന്ന് മാറ്റി.പോയത് കൊട്ടിയൂര്‍ .ബോയിസ് ടൌണ്‍ വഴിയായിരുന്നു .തിരിച്ചു പെരിയ പീക്ക് - നെടുംപോയില്‍ -പേരാവൂര്‍ വഴി    ആക്കി.
പെരിയ പീക്കില്‍ വണ്ടി നിര്‍ത്തി അവിടുത്തെ മനോഹരമായ തോട്ടത്തിന്റെ ഷോപ്പില്‍ നിന്നും നാലഞ്ച് കിലോ ചായപ്പൊടിയും വാങ്ങിയായി പിന്നീടുള്ള യാത്ര.

 വഴിയരികില്‍ എമു വിനെ കാണാന്‍ പറ്റി





                             
 കൂട്ടിന്‌ വേറെയും പക്ഷികള്‍ ഉണ്ട്


 


 


 ഇതെന്താണെന്നറിയാമോ?

 

എമുവിന്റെ മുട്ടയാണ്‌ .ഒന്നിന് 300 രൂപയാണ് വില



 വഴിയില്‍  ഉടനീളം  എന്റെ മൊബൈല്‍   വളവുകളും തിരിവുകളും കുന്നുകളും താഴ്വരകളും പകര്‍ത്തിക്കൊണ്ടിരുന്നു.



 ഒരു വളവില്‍ വണ്ടി നിര്‍ത്തണമെന്നു ഞാന്‍ ചന്ദ്രേട്ടനോട് ഇറക്കം തുടങ്ങുമ്പോഴേ ആവശ്യപ്പെട്ടിരുന്നു .പക്ഷെ പല വളവുകള്‍ കടന്നു പോന്നിട്ടും നല്ല സ്പീഡില്‍ വണ്ടി പോയതല്ലാതെ നിര്‍ത്തിയില്ല ... അടുത്ത വളവിലെത്തുമ്പോള്‍ 'എന്തേ മറന്നോ?' എന്ന് ചോദിക്കണമെന്ന്  ഞാന്‍   വിചാരിച്ചു.പക്ഷെ ചോദിയ്ക്കാന്‍ തുടങ്ങും മുമ്പ് വണ്ടി ഒന്ന് പാളിയതുപോലെ തോന്നി .വളവു തിരിയാതെ വണ്ടി നേരെ പോകുകയാണ്."എന്തെ ഇത്..?" എന്ന്  ഞാനും "മാമ" എന്ന് മരുമോനും ഒരുമിച്ചു വിളിച്ചു.ഒരു ഞൊടിയിട...!!ചന്ദ്രേട്ടന്‍ സ്റ്റിയറിങ്ങ് ഇടത്തേയ്ക്ക് തിരിച്ചു ...അഗാധമായ കൊക്കയിലേയ്ക്ക് പോയില്ല.റോഡില്‍ എത്തിയുമില്ല. വലിയൊരു ശബ്ദത്തോടെ മുന്നില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വണ്ടി നിന്നു . അഞ്ചു പേരും പരസ്പരം നോക്കി. ജീവന്‍ ബാക്കിയുണ്ടെന്ന അറിവ് ഞങ്ങള്‍ക്ക് നല്‍കിയ ആശ്വാസം പറഞ്ഞറിയിക്കാന്‍ പ്രയാസം..

        ചുരം കയറി വന്ന ഒരു ലോറിയിലെ ആള്‍ക്കാര്‍ സഹായഹസ്തം നീട്ടി.ഇടിയുടെ ശക്തിയില്‍
വണ്ടി ജാമായിപ്പോയിരുന്നു.ഒരു വിധത്തില്‍ പിന്നോട്ട് തള്ളി അത് റോഡ്‌ സൈഡില്‍ ഒതുക്കി.
മെക്കാനിക്കിന്റെ സഹായം ഇല്ലാതെ വണ്ടി എടുക്കാന്‍ ആയില്ല .22 കി.മി.  ദൂരെ പേരാവൂരിലേ
അടുത്ത വര്‍ക്ക്‌ ഷോപ്പ് ഉള്ളു .അവിടെപ്പോയി മെക്കാനിക്കിനെ കൂട്ടി വരുവോളം ഞങ്ങള്‍ റോഡില്‍  തന്നെ ഇരുന്ന് ദൈവം നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചു. ആലോചിക്കുന്തോറും  ആ നിമിഷങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തി...അല്ലറ ചില്ലറ ചതവും പരുക്കും ഞങ്ങള്‍ സസന്തോഷം സ്വീകരിച്ചു . ഒരിക്കലും ചന്ദ്രേട്ടന്‍ അശ്രദ്ധമായി ഡ്രൈവ്  ചെയ്യാറില്ല.കാറിലായാലും ബൈക്കിലായാലും വളരെ കൂളായി കൂടെയിരിക്കാം.പക്ഷെ എന്നുംഉച്ച ഭക്ഷണം   കഴിഞ്ഞ് അഞ്ചു മിനിറ്റ് ഉറക്കം പതിവാണ് .ആ പതിവാകാം ഒരു നിമിഷം കണ്ണ് ചിമ്മാന്‍ ഇടയാക്കിയത്...എന്തായാലും ദൈവം ഞങ്ങളെ കൈവിട്ടില്ല .
     മെക്കാനിക് വന്നിട്ടും   വര്‍ക്ക്‌ഷോപ്പിലെത്തിക്കാതെ  ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല . മറ്റൊരു കാറില്‍  ഞങ്ങള്‍  പേരാവൂരെത്തി. വേറൊരു വണ്ടി അയച്ച് കെട്ടി വലിച്ചാണ് ഞങ്ങളുടെ  വണ്ടി കൊണ്ടു  വന്നത്....പെട്ടെന്ന് നന്നാക്കി അതില്‍ തന്നെ പോകാമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കുറച്ചു സമയം അവിടെത്തന്നെ നിന്നു.പക്ഷെ  ഒരാഴ്ചത്തെ പണിയെങ്കിലും വേണമെന്നറി ഞ്ഞ്  ഞങ്ങള്‍ ബസ്സില്‍ മടങ്ങിപ്പോന്നു.4മണിക്ക് വീട്ടില്‍ തിരിച്ചെത്തേണ്ട ഞങ്ങള്‍ ദൈവാനുഗ്രഹം കൊണ്ട്  നാല് മണിക്കൂര്‍ വൈകിയെങ്കിലും വീട്ടില്‍ തിരിച്ചെത്തി .

  

Saturday, December 29, 2012

അണയാത്ത ജ്യോതി...


http://www.youtube.com/kottottikkaran


അണയാത്ത ജ്യോതി..
**********************

പോകുക സഖി,വിടയേകുന്നു കണ്ണീരോടെ,
കാമഭ്രാന്തരില്ലാത്ത മറ്റൊരു ലോകത്തേക്ക്.

അന്നു നീ കൊളുത്തിയപ്രതിഷേധത്തിന്‍, അഗ്നി
കത്തിജ്ജ്വലിക്കുന്നിന്നും;ഭാരതഹൃദയത്തില്‍.
*** *** ***

ഓര്‍ക്കുകയാണ് ഞാനെന്‍ മാതൃഭൂമിതന്‍ മഹാ -
സംസ്കൃതി വിളങ്ങിയ നല്ല നല്ല നാളുകള്‍

ഭാരതം,സംസ്കാരത്തിന്‍ മാതൃകാ സ്ഥാനം,സ്ത്രീയെ,
മാന്യയായ്‌ കരുതിയ പുണ്യമാം പൂങ്കാവനം.

നാടിനെ സ്നേഹിച്ചവര്‍ അറിവിന്‍ മൊഴി മുത്താല്‍
നല്ലത് ചൊല്ലി, സ്ത്രീയെ ദേവതയായിക്കണ്ടു .!


അവള്‍ക്കായ് കാവ്യമെത്ര രചിച്ചു, പ്രകൃതിതന്‍
പ്രതിബിംബമെന്നെത്ര സ്തുതിഗീതികള്‍ പാടി...?! .

അവള്‍ക്കായ് സ്മാരകങ്ങള്‍ ഉയര്‍ത്തി പ്രഭൃതികൾ,
അവള്‍ക്കായ്‌ സാമ്രാജ്യങ്ങള്‍ ത്യജിച്ചു സുകൃതികള്‍ !

വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തിയായിരുന്നവള്‍,
ലോക സംസ്കാരത്തിന്റെ അടിസ്ഥാനമായവള്‍ ....!

എത്രയോ വസന്തങ്ങള്‍ വിടര്‍ത്തിയവള്‍, സ്നേഹ -
വര്‍ത്തിയായ്‌,ഭൂവില്‍ ശാന്തിവിളക്കായ് തെളിഞ്ഞവള്‍....!

ത്യാഗമാണവള്‍,ക്ഷമാശീലയാണവള്‍, സീതാ -
ദേവിയാണവള്‍,ഝാന്‍സിറാണിയായ് ശോഭിച്ചവള്‍ ....!

ഐശ്വര്യലക്ഷ്മിയവള്‍ അക്ഷര സിദ്ധിയവള്‍
ഭദ്രകാളിയായ് ദുഷ്ടനിഗ്രഹം നടത്തുവോള്‍ ...!!

ഭാരത മാതാവിന്റെ അരുമപ്പെണ്‍കൊടികള്‍,
ഏറെയുണ്ടേറ്റു പാടാന്‍ അവര്‍ തന്‍ മാഹാത്മ്യങ്ങള്‍...!!

കൌതുകക്കുഞ്ഞായവള്‍ ഭൂമിയില്‍ ജനിക്കുന്നു;
ബാല്യകൌമാരങ്ങള്‍തന്‍ വേദിയില്‍, ആറാടുന്നു....!

യൗവനം പ്രകൃതിതന്‍ നിലനില്പിൻ, ഭാഗമായ്
പ്രണയമുഹൂര്‍ത്തങ്ങള്‍ തീര്‍ത്തവള്‍ രാജിക്കുന്നു...!!

ഭാര്യയായ് പുരുഷനെ പൂര്‍ണ്ണനാക്കുന്നു, പിന്നെ
അമ്മയായ് തലമുറ വളര്‍ത്തിയെടുക്കുന്നു,

'സ്ത്രീ'യെന്നതൊരു നാമം എങ്കിലും ജയിപ്പവള്‍
ജീവിതയാത്രയിതില്‍ ഭിന്നമാം വേഷങ്ങളില്‍.

കാലചക്രങ്ങള്‍ എത്ര കടന്നേ പോയ്, ഭാരതം
ഹീനമാം സംസ്കാരത്തിന്‍ ചുഴിയില്‍ പുതഞ്ഞുപോയ്‌.

എപ്പൊഴോ ദുര്‍ഭൂതങ്ങളിത്തിരു മണ്ണിന്‍ മാറില്‍
ദുഷ്ടത തന്‍ വിത്തുകള്‍ കൃത്യമായ് വിതച്ചു പോയ്...!

അമ്മ,പെങ്ങന്മാര്‍,കുഞ്ഞുമക്കളെന്നില്ല ഭേദം
അധമജന്മങ്ങള്‍ മണ്ണില്‍ പുളച്ചു മദിക്കുന്നു....!

സൗമ്യ,ശാരിമാര്‍,ജ്യോതി പേരിലെന്തിരിക്കുന്നു ?!
ജീവിതം പൊലിഞ്ഞതാം എത്രയോ പെണ്‍കിടാങ്ങള്‍......!!

അവരെ വീണ്ടുംവീണ്ടും കശക്കി ഞെരിക്കുവാന്‍
വാക്ശരങ്ങളുമായി കാത്തിരിക്കുന്നു ചിലര്‍ .. !

മാധ്യമങ്ങളീ വാര്‍ത്ത ഘോഷമാക്കുന്നു,പ്രാണന്‍
പിടയും പെണ്ണിന്‍ മാനം പിന്നെയും പന്താടുന്നു ...!

അച്ഛനെ ശങ്കയോടെ നോക്കിയിരിപ്പു മകള്‍,
മകളെ സ്നേഹിക്കുവാന്‍ അച്ഛനും പേടിക്കുന്നു....!

ചേട്ടനും കാട്ടീടുമോ ചീത്ത സ്വഭാവങ്ങള്‍,എ -
ന്നോര്‍ത്തനുജത്തി,യന്തര്‍മുഖിയായ് മാറീടുന്നു.?!

മകളെ മാറോടു ചേര്‍ത്തമ്മ വെന്തുരുകുന്നു,
അമ്മതന്‍ സ്വാന്തനവും അവളെ ഞടുക്കുന്നു...!!

തന്നിലേയ്ക്കൊതുങ്ങുവാന്‍ പെണ്ണവള്‍ പിടയുന്നു,
ചുറ്റിലും ഭയം മൌനസ്ഫോടനം തുടരുന്നു....!!

സ്വസ്ഥത സമാധാനം വെറും പാഴ് കിനാവുകള്‍
ഭാരതമശാന്തിതന്‍ തീയിലൂടൊഴുകുന്നു ...!

മാറുമോ സ്ഥിതിയിത് ?മാറണം! മനുഷ്യത്വം-
മരവിച്ചൊരു ലോകം നശിക്കുന്നതേ ഭേദം ..!

ഉണർന്നീടുക യുവജനതേ ,യലസത -
വെടിഞ്ഞീ രണഭൂവില്‍ ധീരമായ് പൊരുതുക ...!

ദുഷിച്ച ജന്മങ്ങളെ വേര്‍തിരിച്ചറിയുക
യുക്തമാം ശിക്ഷാവിധി നടപ്പില്‍ വരുത്തുക

ഒട്ടുമേ വേണ്ട, ദയാദാക്ഷിണ്യം, കടും ശിക്ഷ
കൊടുക്കുന്നതേ നല്ലൂ,കാലവിളംബമെന്യേ....!

കൊല്ലരുത്,വേരോടെ ഛേദിച്ചു കളയണം,
പുഴുത്തു ചത്തീടട്ടെ വിഷവിത്തുകള്‍ മൊത്തം ...!

നീതിപീഠമേ കണ്ണു തുറക്കൂ, പുതിയൊരു
ന്യായ വ്യവസ്ഥ വ്യക്തം എഴുതിച്ചേര്‍ക്കൂ ശക്തം...!!!

Sunday, December 23, 2012

ചേതയുടെ പ്രസവവും എനിക്കു കിട്ടിയ ഓഫറും..




                   ഗവണ്മെന്റ്റിന്റെ പുതിയ തീരുമാനമനുസരിച്ച്, തൊഴിൽ ഉറപ്പു പദ്ധതിയുടെ സഹായം  ആവശ്യമുള്ള സ്ഥലമുടമകൾ തൊഴിലാളികളോടൊപ്പം പണിയെടുത്മതിയാകു എന്നതിനാൽ കഴിഞ്ഞ 32 കൊല്ലങ്ങളായി മണ്ണിൽ തൊടാത്ത എനിക്ക് എന്റെ രണ്ട് വയസ്സുള്ളറബ്ബർക്കുഞ്ഞുങ്ങൾക്കു പുതയിടാൻ മണ്ണിലിറങ്ങേണ്ടി വന്നു.
എന്റെ ബാല്യകൌമാരങ്ങൾക്ക്  ആഘോഷ വേദിയായിരുന്ന വീടും പറമ്പും  ...വർഷങ്ങൾക്കു ശേഷം പണ്ടത്തെ ആ നാടൻ പെണ്ണിലേയ്ക്കുള്ള യാത്ര എനിക്കുനൽകിയ ആനന്ദം വർണ്ണനാതീതമായിരുന്നു....
ഞങ്ങളുടെ വാർഡിലെ മസ്റ്റർ റോളിൽ പേരുള്ള മറ്റു സ്ത്രീകളൊടൊപ്പം ഞാനും അവരേപ്പോലെ വെയിലിൻ നിന്നും രക്ഷപ്പെടാൻ ആവശ്യമായ മുൻ കരുതലുകളോടെ കുന്നിൻ ചെരുവിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് പ്ലാറ്റുഫോമുകൾക്കിടയിലെ  കാടു തെളിച്ച് അത് റബ്ബറിനു പുതയാക്കുന്ന ജോലിയിൽ മുഴുകി.
ഈ വർഷത്തെ മഴയുടെ പ്രത്യേകതകൊണ്ട് പതിവിലധികം വളർന്ന കാരമുള്ളുകൾ നിറഞ്ഞ കാടു തെളിക്കുക ശ്രമകരമായി രുന്നു.എന്നിട്ടും ഞാനത് ആസ്വദിച്ചു.
നടപ്പ് എന്നത് ഏറെക്കാലമായി ഞാൻ ഉപേക്ഷിച്ച ഒരു കാര്യം ആയിരുന്നു...നടന്നു പോകേണ്ടുന്ന ലക്ഷ്യമാണെങ്കിൽ ആ യാത്രയേ വേണ്ടെന്ന നിലപാടായിരുന്നു എന്റേത്...പക്ഷേ പണിനടക്കുന്ന കുന്നിൻ മുകളിലേക്കു  കുടിവെള്ളവും ചായയുമായി പലവട്ടം കയറാനും ഇറങ്ങാനും കെ പണിയനും എനിക്കു ഒരു മടിയും തോന്നിയില്ല.
ഇതിനേക്കാളേറെ എന്നെ സന്തോഷിപ്പിച്ചത് നാട്ടിൻ പുറത്തെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ നേരിട്ടു മനസ്സിലാക്കാൻ അവരം കിട്ടി എന്നതാണ്..
പണിയെടുക്കുന്നതിനിടയിലും വിശ്രമസമയത്തും വീട്ടു വിശേഷങ്ങൾ...നാട്ടു വിശേഷങ്ങൾ... തുടങ്ങി അവർ സംസാരിക്കാത്ത വിഷയങ്ങൾ ഇല്ല. അങ്ങനൊരു വേളയിലാണ് ശ്വേതയുടെ പ്രസവം വിഷയമായത്....
“എന്തൊരു നാണം കെട്ട പരിപാടിയാണത് ”എന്നാണ് തുടങ്ങിയത്....കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ അവർ മനസ്സു തുറന്നു ചർച്ചചെയ്തു.
സിനിമയ്ക്കുവേണ്ടി അത് ഷൂട്ട് ചെയ്ത ബ്ലെസ്സിയേയും അവർ വെറുതെ വിട്ടില്ല...
‘ടീവിയിലൊക്കെ അതു വരുമ്പോൾ കുട്ടികളോടൊപ്പമിരുന്നു കാണാൻ പറ്റുമോ...?ശ്വേത അതിനു സമ്മതിച്ചാലും ബ്ലെസ്സി അതു ഷൂട്ടു ചെയ്യാൻ പോകരുതായിരുന്നു ..’.
കർക്കശസ്വരത്തിലാണവർ ഓരോന്നും പറഞ്ഞത്...
‘ഐശ്വര്യ റായ് ആയിരിക്കും അങ്ങനെയൊക്കെ  ചെയ്യാൻ തയ്യാറാകുക എന്നായിരുന്നു കരുതിയത്. പക്ഷെ അവൾ എത്ര ഡീസെന്റാ.....ആ കുഞ്ഞിനെ ആരുടേയും മുന്നിൽ പ്രദർശിപ്പിക്കാ‍ൻകൂടി അവൾ തയ്യാറായിട്ടില്ല.’
സംസാരത്തിന്റെ തീവ്രത കൂട്ടാൻ ഞാൻ ഇടയ്ക്കിടെചില ചോദ്യങ്ങൾ ചോദിച്ചു....
‘എന്താണ് ഷൂട്ട് ചെയ്തതെന്ന് ആരെങ്കിലും കണ്ടിരുന്നോ..?ആ സിനിമ പുറത്തിറങ്ങിയതു പോലുമില്ല....പിന്നെന്തിന്റെ പേരിലാണ് ഇങ്ങനെ രോഷം കൊള്ളുന്നത്...?പിന്നെ കുട്ടികളായാലും ‘നിന്നെ പത്തു മാസം ചുമന്നു നൊന്തു പെറ്റു’ എന്നൊക്കെ അമ്മമാർ പറയുന്നതല്ലേ കേട്ടിട്ടുള്ളു...ആ വേദനയും വിഷമവും എന്തെന്ന് ഒന്നു കണ്ടറിയാനുള്ള അവസരം നൽകാൻ ശ്വേതയെങ്കിലും തയ്യാറായതിൽ അഭിമാനം തോന്നുകയല്ലേ വേണ്ടത്...?നിങ്ങളിൽ ആരെങ്കിലും അതിനു തയ്യാറാകുമായി രുന്നൊ ...?വിദേശ രാജ്യങ്ങളിലൊക്കെ കുട്ടികൾ ഇതൊക്കെ കണ്ടുമനസ്സിലാക്കി പഠിക്കുന്നു...ഇംഗ്ലീഷു സിനിമകളിലും മറ്റും ഇത്തരം രംഗങ്ങൾ ഒരു പുതുമയേ അല്ല...’
സന്ദർഭത്തിനനുസരിച്ച് ഞാൻ ചോദിക്കുകയും പറയുകയും ചെയ്ത വാക്കുകൾ പൂർത്തിയാകും മുൻപ് അവർ അതിനെ ഖണ്ഡിക്കുും മോദ്യങ്ങോദിക്കുകും അവരുടെ മനസ്സിലുള്ളത് പുകും യ്യും..
‘മറ വേണ്ട കാര്യങ്ങൾ മറച്ചു തന്നെ ചെയ്യണം ...അല്ലാതെ നാണോം മാനോം ഇല്ലാതെ എല്ലാം തുറന്നു വച്ചു ചെയ്യുകയല്ല വേണ്ടത്.. എന്നാപ്പിന്നെ അതൊണ്ടാക്കിയപ്പോളത്തേതു കൂടി അങ്ങു കാണിച്ചുകൂടായിരുന്നോ അവൾക്ക്...’.
(ആ പ്രയോഗത്തിൽ എനിക്കൊരു ചമ്മലുണ്ടായി)
അമർഷം തീരുന്നില്ല
‘ഒരു ചേത....അതിനെല്ലാം കൂട്ടു നിക്കാൻ ഒരുകെട്ട്യോനും.....! ഒണ്ടല്ലോ കൊറേ സംഘടനകളും പെണ്ണുങ്ങളും ഒക്കെ.. ഒരുത്തിയുണ്ടോ ഇതിനെതിരെ എന്തേലും പറയാൻ...?’

‘നിങ്ങൾക്കും  പ്രതികരിക്കാം കെട്ടൊ.’
ഞാനവരെ സമാധാനിപ്പിച്ചു.
‘ഞങ്ങൾ ഇവിടെക്കിടന്നു പറഞ്ഞിട്ടെന്തു കാര്യം.... ആരെങ്കിലും കേൾക്കുമൊ?‘
‘ശരി നിങ്ങളുടെ പ്രതിഷേധം ഞാൻ ബ്ലോഗിലും ഫെയിസ് ബുക്കിലും ഇടാം...ലോകം മുഴുവൻ അറിഞ്ഞു കൊള്ളും ...’

അപ്പോഴാണ് എനിക്ക് ആ ഓഫർ കിട്ടിയത്.
“ചേച്ചി  അപ്പറഞ്ഞപോലെ(ബ്ലോഗും ഫെയിസ് ബുക്കും അവർക്ക് അപരിചിതമായ കാര്യങ്ങൾ) ചെയ്യുകയാണെങ്കിൽ   മസ്റ്റർ റോളോ കൂലിയോ ഒരു തുള്ളി വെള്ളം പോലുമോ  വേണ്ട  രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ ഞങ്ങൾ ഈ പറമ്പിൽ പണിയെടുത്തു തരാം...”

അവരുടെ വാക്കുകൾ സത്യത്തിൽ എന്റെ വായടപ്പിച്ചു....ഞാൻ കരുതിയതിലും എത്രയോഅധികം സാമൂഹിക പ്രതിബദ്ധത അവരിൽ ഉണ്ട്...ഇന്നു സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും എത്ര ഗഗനമായാണ് അവർ ചർച്ച ചെയ്യുന്നത്...ശരിക്കും അവർ ഒരുങ്ങിയിറങ്ങിയാൽ ആർക്കാണ് അവരെ തടയാൻ , തകർക്കാൻ കഴിയുക.
ഒരു കാര്യം കൂടി ഞാൻ ചോദിച്ചു.
“ശ്വേതയെ നിങ്ങളുടെ മുന്നിൽ കിട്ടിയാൽ എന്താണ് നിങ്ങൾ അവരോടു പറയുക...?”
“ പറയുകയല്ല...ആദ്യം കൈ നിവർത്ത് അവളുടെ കരണത്ത് രണ്ടു പൊട്ടിക്കും...എന്നിട്ടേ ഉള്ളു മറ്റെല്ലാം...”
ആ വാക്കുകളിലെ ഊറ്റം....ആ കണ്ണുകളിലെ തിളക്കം....
എനിക്കതു മറക്കാൻ കഴിയുന്നില്ല...


തൊഴിലിരിപ്പ് എന്ന് പരിഹസിക്കേണ്ട ....ശരിക്കും പണിചെയ്തു മടുത്തപ്പോഴാ ഒന്നിരുന്നത്. ഇപ്പോള്‍ കിട്ടുന്ന ഈ ചായയ്ക്കും കടിക്കും എന്ത് രുചിയാണെന്നോ 


ചെറിയ കാടൊന്നും അല്ല .കമ്മ്യൂനിസ്റ്റ് പച്ച യ്ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന കൂറമുള്ള് ആണ് വില്ലന്‍ .


പുതിയ വേഷവും പുതിയ കൂട്ടുകാരും...എപ്പടി...?