Wednesday, July 6, 2016

"ഇതാണ് ഇപ്പോൾ നമ്മൾ"


"ഇതാണ് ഇപ്പോൾ നമ്മൾ"



കുറച്ച് ദിവസങ്ങളായി അവൾ മനസ്സിൽ ചിന്തിച്ചു കൂട്ടിയതത്രയും ജീവിതത്തെക്കുറിച്ചായിരുന്നു. വെറുതെയെങ്കിലും ഒരു സ്വയം പഠനത്തിന്റെ ഉൾവലിവ്. ഒടുവിൽ ഒരു ദിവസത്തെ ബ്രേക്ക് ഫാസ്റ്റിനിടയിൽ മൗനം മുറിച്ച് അവൾ അവനോടു പറഞ്ഞു.

"എനിക്കു മനസ്സു തുറന്ന് നിന്നോടൊന്നു സംസാരിക്കണം എന്നുണ്ട്...എന്റെ മോഹങ്ങൾ.... എന്റെ വിഷമങ്ങൾ..."

പെട്ടെന്ന് ഒരു പൊട്ടിത്തെറി.

"അതിനാരെങ്കിലും നിന്റെ വായ മൂടിക്കെട്ടി വെച്ചിട്ടുണ്ടോ?"

അവളുടെ മൗനത്തിന്റെ കട്ടി കൂടി. അസഹ്യതയോടെ അവൻ തുടർന്നു.

"പറയാനുള്ളത് തുറന്നു പറയണം. അല്ലാതെ..."

ഉയർന്ന രസനിരപ്പ് താഴുന്നതുവരെ അവൾ മൗനം കുടിച്ചു. പിന്നെ പറഞ്ഞു.

. "ഇല്ല ഒന്നും പറയാനില്ല."

താഴ്ന്നു വന്ന രസനിരപ്പിന്റെ ഉയരം പിന്നെയും കൂടുന്നത് അവൾ അറിഞ്ഞു.

"ഇതു കേൾക്കുമ്പോഴാ..."

മുഴുവനാക്കാതെ അവൻ നിർത്തി.

അവന്റെ മുഖത്തെ ഭാവമാറ്റങ്ങൾ അവൾ നിശ്ശബ്ദം വീക്ഷിച്ചു. ആ മനസ്സിലും എന്തൊക്കെയോ നീറിപ്പിടയുന്നുണ്ട്. അടക്കി വെച്ച ഇഷ്ടങ്ങൾ....ഇഷ്ടക്കേടുകൾ ...പരാതികൾ... പരിഭവങ്ങൾ..
പറഞ്ഞാൽ തീരുന്ന നിസ്സാരകാര്യങ്ങൾ.....അതു കേൾക്കാൻ അവൾ എന്നും ഒരുക്കമായിരുന്നു.
പക്ഷേ പറയില്ല. പറയാനും കേൾക്കാനുമുള്ള ക്ഷമയില്ല.

സാവകാശം അവൾ ചോദിച്ചു.

"അല്പ്പം മുമ്പ് നീയെന്തിനാ ചൂടായത്?"

അവൻ മിണ്ടിയില്ല.

അത്രയേ ഉള്ളു. മനപ്പൂർവ്വമല്ല. അത് അവൾക്കറിയാം. എന്നാലും അതിന്റെ പ്രത്യാഘാതങ്ങളുടെ വലുപ്പം അത്ര ചെറുതല്ലല്ലോ.

ചുവരിൽ പതിച്ചിരിക്കുന്ന ഒരു ദ്വിമാന ചിത്രത്തിലേക്ക് അവൾ അവന്റെ ശ്രദ്ധ ക്ഷണിച്ചു.

" നോക്കൂ അതിൽ നീ എന്താണിപ്പോൾ കാണുന്നത് ?''

"തത്ത "

"ഞാൻ കാണുന്നത് കുതിരയെ ആണ്."

പണ്ട് ഒരേ സമയം ഒരേ കാഴ്ചകളാണ് രണ്ടാളും കണ്ടത്. കാഴ്ചയുടെ തലങ്ങളിൽ മാറ്റം വന്നത് എപ്പോൾ...?എങ്ങനെ...?

ഒരു ദീർഘ നിശ്വാസത്തോടെ അവൾ മന്ത്രിച്ചു.

"ഇതാണ് ഇപ്പോൾ നമ്മൾ."

2 comments:

Nalina said...

ആദ്യ കാലത്തെ പ്രപ്രണയത്തിന്ടെ ചൂടാറുമ്പോൾ എവിടെയും സംഭവിക്കാവുന്നത്.

സുധി അറയ്ക്കൽ said...

സാരമില്ല.തുടങ്ങിയതല്ലേയുള്ളൂ.അവർക്കിനിയും സമയമുണ്ട്‌.