അമ്മയാണത്രേ അമ്മ
പറയാൻ നാണം തോന്നു-
ന്നെന്തൊരു പേക്കോലമീ
തള്ളതൻ രൂപം കാണാൻ
പെറ്റു വളർത്തിയത്രെ -
യിത്ര ഗർവെന്തിനതിൽ
ഏതൊരു പെണ്ണും ചെയ്യും
ജോലി താനല്ലോയിത്
പകരം വേണം കൂലി
എന്നവകാശപ്പെടാൻ
കമ്പനി കരാർ ജോലി
ഏൽപ്പിച്ച് ചെയ്യിച്ചതോ?
വയസ്സായ് ഒരുമൂലയ്-
ക്കിരുന്നാൽ മതി, നക്കാൻ
കൊടുക്കാമെന്നാലില്ല
അനുസരണ ലേശം
അലഞ്ഞു തിരിഞ്ഞാലെ
കിഴവി തൃപ്തയാകൂ
കഴുത്ത് ഞെരിച്ചങ്ങു
കൊന്നാലോ എന്നേ തോന്നൂ
കൃത്യമായ് മൂന്നു നേരം
ഭക്ഷണം കൊടുത്താലും
മെച്ചമാം വിഭവങ്ങൾ
കട്ടുതിന്നിടും നാശം
ഭാര്യവീട്ടുകാർ ,വമ്പർ ,
വരുമ്പോൾ പേക്കോലമീ,
ഉമ്മറപ്പടി തന്നിൽ
ഇരിക്കും ദുശ്ശകുനം
എങ്ങനെ സഹിക്കുമീ
മാരണം, വൃത്തിയെന്ന -
തയൽപക്കത്ത് കൂടി
പോയതേയില്ല കഷ്ടം
രോഗമാണെങ്കിൽ കൂടെ
യുണ്ട് കൂടോടെ ,കണ്ണിൽ
തിമിരം ,കാതിൽ വെടി -
യൊച്ചയും മൃദുഗീതം
എണ്ണ ,കുഴമ്പ് ,കൂട്ടു -
കഷായവുമുണ്ടേറെ
നീക്കിവയ്ക്കേണ്ടും തുക
ഒട്ടുമേ കുറവല്ല
വീട്ടുകാരി, യെൻഭാര്യ
യോഗ്യയാണവൾ പണം
നോക്കിയേ ചെലവാക്കൂ,
ജന്മസൗഭാഗ്യം തന്നെ
കുതിച്ചു പായും പുതു -
തലമുറയ്ക്ക് വിഘ്നം
കിടപ്പൂ ശാപം പോലീ -
മുടന്തൻ കുതിരകൾ
നടപ്പിൽ വരുത്തണം
നിയമം ,ജീവിതത്തിൽ
നിന്ന്,വിരമിക്കുവാൻ
കൃത്യമായ് ഒരു പ്രായം
അപ്പോഴുണ്ടാകും ചുറു
ചുറുക്കുള്ളോരു ലോകം
പുതുരക്തത്തിൻ ശക്തി
സ്രോതസ്സാം നവലോകം .
4 comments:
നടപ്പിൽ വരുത്തണം
നിയമം ,ജീവിതത്തിൽ
നിന്ന്,വിരമിക്കുവാൻ
കൃത്യമായ് ഒരു പ്രായം.......കവിതക്കെന്റെ ആശംസകൾ
വരും ഒരു നിയമം, അതുവരെ
ഗുരുവായൂരോ മറ്റേതെങ്കിലും
ഭഗവൽ സന്നിധിയിലോ
നട തള്ളാം നമുക്കീ നശൂലങ്ങളെ
വീട്ടുകാരി, യെൻഭാര്യ
യോഗ്യയാണവൾ പണം
നോക്കിയേ ചെലവാക്കൂ,
ജന്മസൗഭാഗ്യം തന്നെ
വരുമോരുദിനം
അന്നിവരറിയും
വയസ്സിതന്‍മന
മന്നെത്രവേദനിച്ചുവെന്നു.
http://nalinadhalangal.blogspot.com/
Post a Comment