ഗവണ്മെന്റ്റിന്റെ പുതിയ തീരുമാനമനുസരിച്ച്, തൊഴിൽ ഉറപ്പു പദ്ധതിയുടെ സഹായം ആവശ്യമുള്ള സ്ഥലമുടമകൾ തൊഴിലാളികളോടൊപ്പം പണിയെടുത്തേ മതിയാകു എന്നതിനാൽ കഴിഞ്ഞ 32 കൊല്ലങ്ങളായി മണ്ണിൽ തൊടാത്ത എനിക്ക് എന്റെ രണ്ട് വയസ്സുള്ളറബ്ബർക്കുഞ്ഞുങ്ങൾക്കു പുതയിടാൻ മണ്ണിലിറങ്ങേണ്ടി വന്നു.
എന്റെ ബാല്യകൌമാരങ്ങൾക്ക് ആഘോഷ വേദിയായിരുന്ന വീടും പറമ്പും ...വർഷങ്ങൾക്കു ശേഷം പണ്ടത്തെ ആ നാടൻ പെണ്ണിലേയ്ക്കുള്ള യാത്ര എനിക്കുനൽകിയ ആനന്ദം വർണ്ണനാതീതമായിരുന്നു....
ഞങ്ങളുടെ വാർഡിലെ മസ്റ്റർ റോളിൽ പേരുള്ള മറ്റു സ്ത്രീകളൊടൊപ്പം ഞാനും അവരേപ്പോലെ വെയിലിൻ നിന്നും രക്ഷപ്പെടാൻ ആവശ്യമായ മുൻ കരുതലുകളോടെ കുന്നിൻ ചെരുവിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് പ്ലാറ്റുഫോമുകൾക്കിടയിലെ കാടു തെളിച്ച് അത് റബ്ബറിനു പുതയാക്കുന്ന ജോലിയിൽ മുഴുകി.
ഈ വർഷത്തെ മഴയുടെ പ്രത്യേകതകൊണ്ട് പതിവിലധികം വളർന്ന കാരമുള്ളുകൾ നിറഞ്ഞ കാടു തെളിക്കുക ശ്രമകരമായി രുന്നു.എന്നിട്ടും ഞാനത് ആസ്വദിച്ചു.
നടപ്പ് എന്നത് ഏറെക്കാലമായി ഞാൻ ഉപേക്ഷിച്ച ഒരു കാര്യം ആയിരുന്നു...നടന്നു പോകേണ്ടുന്ന ലക്ഷ്യമാണെങ്കിൽ ആ യാത്രയേ വേണ്ടെന്ന നിലപാടായിരുന്നു എന്റേത്...പക്ഷേ പണിനടക്കുന്ന കുന്നിൻ മുകളിലേക്കു കുടിവെള്ളവും ചായയുമായി പലവട്ടം കയറാനും ഇറങ്ങാനും കൂടെ പണിയാനും എനിക്കു ഒരു മടിയും തോന്നിയില്ല.
ഇതിനേക്കാളേറെ എന്നെ സന്തോഷിപ്പിച്ചത് നാട്ടിൻ പുറത്തെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ നേരിട്ടു മനസ്സിലാക്കാൻ അവസരം കിട്ടി എന്നതാണ്..
പണിയെടുക്കുന്നതിനിടയിലും വിശ്രമസമയത്തും വീട്ടു വിശേഷങ്ങൾ...നാട്ടു വിശേഷങ്ങൾ... തുടങ്ങി അവർ സംസാരിക്കാത്ത വിഷയങ്ങൾ ഇല്ല. അങ്ങനൊരു വേളയിലാണ് ശ്വേതയുടെ പ്രസവം വിഷയമായത്....
“എന്തൊരു നാണം കെട്ട പരിപാടിയാണത് ”എന്നാണ് തുടങ്ങിയത്....കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ അവർ മനസ്സു തുറന്നു ചർച്ചചെയ്തു.
സിനിമയ്ക്കുവേണ്ടി അത് ഷൂട്ട് ചെയ്ത ബ്ലെസ്സിയേയും അവർ വെറുതെ വിട്ടില്ല...
‘ടീവിയിലൊക്കെ അതു വരുമ്പോൾ കുട്ടികളോടൊപ്പമിരുന്നു കാണാൻ പറ്റുമോ...?ശ്വേത അതിനു സമ്മതിച്ചാലും ബ്ലെസ്സി അതു ഷൂട്ടു ചെയ്യാൻ പോകരുതായിരുന്നു ..’.
കർക്കശസ്വരത്തിലാണവർ ഓരോന്നും പറഞ്ഞത്...
‘ഐശ്വര്യ റായ് ആയിരിക്കും അങ്ങനെയൊക്കെ ചെയ്യാൻ തയ്യാറാകുക എന്നായിരുന്നു കരുതിയത്. പക്ഷെ അവൾ എത്ര ഡീസെന്റാ.....ആ കുഞ്ഞിനെ ആരുടേയും മുന്നിൽ പ്രദർശിപ്പിക്കാൻകൂടി അവൾ തയ്യാറായിട്ടില്ല.’
സംസാരത്തിന്റെ തീവ്രത കൂട്ടാൻ ഞാൻ ഇടയ്ക്കിടെചില ചോദ്യങ്ങൾ ചോദിച്ചു....
‘എന്താണ് ഷൂട്ട് ചെയ്തതെന്ന് ആരെങ്കിലും കണ്ടിരുന്നോ..?ആ സിനിമ പുറത്തിറങ്ങിയതു പോലുമില്ല....പിന്നെന്തിന്റെ പേരിലാണ് ഇങ്ങനെ രോഷം കൊള്ളുന്നത്...?പിന്നെ കുട്ടികളായാലും ‘നിന്നെ പത്തു മാസം ചുമന്നു നൊന്തു പെറ്റു’ എന്നൊക്കെ അമ്മമാർ പറയുന്നതല്ലേ കേട്ടിട്ടുള്ളു...ആ വേദനയും വിഷമവും എന്തെന്ന് ഒന്നു കണ്ടറിയാനുള്ള അവസരം നൽകാൻ ശ്വേതയെങ്കിലും തയ്യാറായതിൽ അഭിമാനം തോന്നുകയല്ലേ വേണ്ടത്...?നിങ്ങളിൽ ആരെങ്കിലും അതിനു തയ്യാറാകുമായി രുന്നൊ ...?വിദേശ രാജ്യങ്ങളിലൊക്കെ കുട്ടികൾ ഇതൊക്കെ കണ്ടുമനസ്സിലാക്കി പഠിക്കുന്നു...ഇംഗ്ലീഷു സിനിമകളിലും മറ്റും ഇത്തരം രംഗങ്ങൾ ഒരു പുതുമയേ അല്ല...’
സന്ദർഭത്തിനനുസരിച്ച് ഞാൻ ചോദിക്കുകയും പറയുകയും ചെയ്ത വാക്കുകൾ പൂർത്തിയാകും മുൻപ് അവർ അതിനെ ഖണ്ഡിക്കുകയും മറുചോദ്യങ്ങൾ ചോദിക്കുകയും അവരുടെ മനസ്സിലുള്ളത് പറയുകയും ചെയ്യും..
‘മറ വേണ്ട കാര്യങ്ങൾ മറച്ചു തന്നെ ചെയ്യണം ...അല്ലാതെ നാണോം മാനോം ഇല്ലാതെ എല്ലാം തുറന്നു വച്ചു ചെയ്യുകയല്ല വേണ്ടത്.. എന്നാപ്പിന്നെ അതൊണ്ടാക്കിയപ്പോളത്തേതു കൂടി അങ്ങു കാണിച്ചുകൂടായിരുന്നോ അവൾക്ക്...’.
(ആ പ്രയോഗത്തിൽ എനിക്കൊരു ചമ്മലുണ്ടായി)
അമർഷം തീരുന്നില്ല
‘ഒരു ചേത....അതിനെല്ലാം കൂട്ടു നിക്കാൻ ഒരുകെട്ട്യോനും.....! ഒണ്ടല്ലോ കൊറേ സംഘടനകളും പെണ്ണുങ്ങളും ഒക്കെ.. ഒരുത്തിയുണ്ടോ ഇതിനെതിരെ എന്തേലും പറയാൻ...?’
‘നിങ്ങൾക്കും പ്രതികരിക്കാം കെട്ടൊ.’
ഞാനവരെ സമാധാനിപ്പിച്ചു.
‘ഞങ്ങൾ ഇവിടെക്കിടന്നു പറഞ്ഞിട്ടെന്തു കാര്യം.... ആരെങ്കിലും കേൾക്കുമൊ?‘
‘ശരി നിങ്ങളുടെ പ്രതിഷേധം ഞാൻ ബ്ലോഗിലും ഫെയിസ് ബുക്കിലും ഇടാം...ലോകം മുഴുവൻ അറിഞ്ഞു കൊള്ളും ...’
അപ്പോഴാണ് എനിക്ക് ആ ഓഫർ കിട്ടിയത്.
“ചേച്ചി അപ്പറഞ്ഞപോലെ(ബ്ലോഗും ഫെയിസ് ബുക്കും അവർക്ക് അപരിചിതമായ കാര്യങ്ങൾ) ചെയ്യുകയാണെങ്കിൽ മസ്റ്റർ റോളോ കൂലിയോ ഒരു തുള്ളി വെള്ളം പോലുമോ വേണ്ട രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ ഞങ്ങൾ ഈ പറമ്പിൽ പണിയെടുത്തു തരാം...”
അവരുടെ വാക്കുകൾ സത്യത്തിൽ എന്റെ വായടപ്പിച്ചു....ഞാൻ കരുതിയതിലും എത്രയോഅധികം സാമൂഹിക പ്രതിബദ്ധത അവരിൽ ഉണ്ട്...ഇന്നു സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും എത്ര ഗഗനമായാണ് അവർ ചർച്ച ചെയ്യുന്നത്...ശരിക്കും അവർ ഒരുങ്ങിയിറങ്ങിയാൽ ആർക്കാണ് അവരെ തടയാൻ , തകർക്കാൻ കഴിയുക.
ഒരു കാര്യം കൂടി ഞാൻ ചോദിച്ചു.
“ശ്വേതയെ നിങ്ങളുടെ മുന്നിൽ കിട്ടിയാൽ എന്താണ് നിങ്ങൾ അവരോടു പറയുക...?”
“ പറയുകയല്ല...ആദ്യം കൈ നിവർത്ത് അവളുടെ കരണത്ത് രണ്ടു പൊട്ടിക്കും...എന്നിട്ടേ ഉള്ളു മറ്റെല്ലാം...”
ആ വാക്കുകളിലെ ഊറ്റം....ആ കണ്ണുകളിലെ തിളക്കം....
എനിക്കതു മറക്കാൻ കഴിയുന്നില്ല...
തൊഴിലിരിപ്പ് എന്ന് പരിഹസിക്കേണ്ട ....ശരിക്കും പണിചെയ്തു മടുത്തപ്പോഴാ ഒന്നിരുന്നത്. ഇപ്പോള്‍ കിട്ടുന്ന ഈ ചായയ്ക്കും കടിക്കും എന്ത് രുചിയാണെന്നോ
ചെറിയ കാടൊന്നും അല്ല .കമ്മ്യൂനിസ്റ്റ് പച്ച യ്ക്കിടയില്‍ വളര്‍ന്നു നില്ക്കുന്ന കൂറമുള്ള് ആണ് വില്ലന്‍ .
പുതിയ വേഷവും പുതിയ കൂട്ടുകാരും...എപ്പടി...?
25 comments:
“ പറയുകയല്ല...ആദ്യം കൈ നിവർത്ത് അവളുടെ കരണത്ത് രണ്ടു പൊട്ടിക്കും...എന്നിട്ടേ ഉള്ളു മറ്റെല്ലാം...”
ഹൊ ആ ശ്വേത പെട്ടന്ന് അവരുടെ മുന്നിൽ ചെന്ന് ചാടട്ടെ..
നമ്മളീ ബ്ലോഗീങ്ങൾ ചുമ്മ പറയാ, തുറന്ന് പറയുന്നവർ നമ്മളാണെന്ന്, അവരെ കണ്ടൊ ആരേം അവർക്ക് പേടിയില്ല ഹൊ
നമ്മള് വിചാരിക്കുന്നതിലും കൂടുതല്‍ ചിന്തിക്കുന്നവര്‍ ആണ് സാധാരണക്കാരായ പലരും.. ഇപ്പോള്‍ അനുഭവത്തില്‍ വന്നില്ലേ...എന്തായാലും കുറച്ചു മടി മാറിയില്ലേ???ആശംസകള്‍.
സാധാരണക്കാരുടെ അഭിപ്രായം അറിയാന്‍
കഴിഞ്ഞതും അത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍
കഴിഞ്ഞതും നല്ലതുതന്നെ.
enthaayaalum mannil paniyedukkunnathinte sukhavum hrudayam thuranna varthamanavum kettille.. panikkarude varthamaanam kelkal nalla sukhamaanu..
സാധാരണക്കാർക്ക് പറയാൻ പലതും ഉണ്ടാവും,, എന്നാൽ അതൊക്കെ കേൾക്കേണ്ടവരെ കേൾപ്പിക്കാൻ കഴിയുന്നതാണ് പ്രധാനം. ആറ്റുവക്കിലെ തോട്ടിനരികിൽ ഇരുന്ന് അലക്കുകാരി പെണ്ണുങ്ങൾ പറയുന്ന വിശേഷങ്ങൾ കേൾക്കുന്നത് കുട്ടിക്കാലത്തെ എന്റെ ഹോബി ആയിരുന്നു. എന്തെല്ലാം വിവരങ്ങളാണ് അവരിൽ നിന്ന് വരുന്നത്! അതുപോലെ പലതും ഈ തൊഴിലുറപ്പിൽ നിന്ന് ലഭിക്കും...
കൊള്ളാം..
നിഷ്ക്കളങ്കരായ ഗ്രാമജനതയുടെ മനസ്സിന്റെ ആഴമറിയാന്‍ അവരുമായി ഇത് പോലെ ഇടപെടണം. ഇത്തരം ചില ഒത്തു ചേര്‍ന്നുള്ള പണികളിലൂടെ അവരെ മനസ്സിലാക്കാനും അവരുമായി പുതിയ അറിവുകള്‍ പങ്കിടുക എന്നതും ചെറിയ കാര്യമില്ല. താഴെ തട്ടില്‍ ഉള്ളവരുടെ ഉത്ഥാനം ഇതുപോലെ ചില കൂട്ടായ്മകളില്‍ അറിവുള്ളവര്‍ ഭാഗഭാക്കായി പുതിയ വിവരങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്കുമ്പോള് ആണല്ലോ?
എഴുത്തുകാരി പറഞ്ഞപോലെ പ്രസവം ഷൂട്ട് ചെയ്തു എന്ന് മാത്രം നാം പലരും പറഞ്ഞറിഞ്ഞു. പുറത്തിറങ്ങാത്ത ഒരു സിനിമയുടെ പേരില്‍ ഇത്തരം കോലാഹലങ്ങള്‍ നടത്തുന്നതിലും നല്ലത് അതില്‍ എന്താണ് ചിത്രീകരിച്ചു ചേര്‍ത്തിരിക്കുന്നത് എന്ന സത്യം ചിത്രം പുറത്തിറങ്ങി കണ്ട ശേഷം പ്രതികരിക്കുന്നതല്ലേ നല്ലത്?
ഏതായാലും തൊഴിലുറപ്പ് പദ്ധതിഎഴുത്തുകാരിക്ക് നല്കിയ ഈ നല്ല നിമിഷങ്ങളും ഒരു സുകൃതം.
കൂട്ടത്തില്‍ പണിക്കിറങ്ങിയപ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ അനുഭവിക്കാന്‍ കഴിഞ്ഞല്ലോ.
ഈ വേഷങ്ങളെല്ലാം ഒരുകാലത്ത് ഞാൻ അണിഞ്ഞതാണെന്ന് എന്നെ ഓർമ്മപ്പെടുത്തി. വളരെ വളരെ നന്നായിരിക്കുന്നു,,, എന്റെ പ്രായമുള്ള ഒരു സർക്കസ് കലാകാരി (ഇപ്പോൾ വിശ്രമിക്കുന്നവൾ‘, അനുഭവങ്ങൽ പറഞ്ഞുതരാറുണ്ട്. പക്ഷെ അതൊക്കെ എഴുതാൻ എനിക്ക് പേടിയാവുന്നു. ഫോട്ടോകൾ ഉഗ്രൻ
നന്നായിരിക്കുന്നു നാട്ടു വര്‍ത്താനം ...
പെട്ടന്ന് പറമ്പത്തെ യശോധയെയും ,അങ്ങട്ടെലെ ജാനെച്ച്ചിയെയും ,കമലയെയുമൊക്കെ ഓര്‍ത്തു..
പിന്നെ ചേത ചെയ്തതത് ആര്‍ക്കും ചെതൊഇല്ലാത്ത കാര്യല്ലേ..!!??
അനുഭവങ്ങള്‍ ഇനിയും അക്ഷരങ്ങളാക്കൂ ടീച്ചറെ ആശംസകള്‍ ഒത്തിരി നന്മയോടെ ഒരു കുഞ്ഞു മയില്‍പീലി
അദ്ധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കാതിരുന്ന ചേച്ചിക്ക് അതറിയാൻ ഒരു തൊഴിലാളിയുടെ വേഷം കെട്ടി ജോലി ചെയ്യേണ്ടി വന്നു.
അതു തന്നെയല്ലെ നടിയും ചെയ്തത്..?
നൊന്തു നോറ്റ് പ്രസവിച്ചുവെന്നു പറയുന്നതിന്റെ മഹത്വം
(ഇന്ന് അത്തരം പ്രസവങ്ങൾ ഇല്ലല്ലൊ. അധികവും വേദനയില്ലാ പ്രസവങ്ങളല്ലെ..!) മനസ്സിലാക്കിക്കാൻ ഒരു നടി കാണിച്ച ധൈര്യമായിക്കൂടെ ആ ചിത്രം...?
പിന്നെ, തീ കണ്ടാലുടൻ വാഴ വെട്ടുന്ന സ്വഭാവം നന്നല്ല.
ചിത്രം പുറത്തു വരട്ടെ... എന്നാലല്ലെ അത് എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്ന് മനസ്സിലാകൂ...
അഭിപ്രായം പറഞ്ഞ എല്ലാവർക്കും എന്റെ നന്ദി....
ശ്വേതാ മേനോൻ എനിക്കിഷ്റ്റപ്പെട്ട ഒരു നടിയാണ് .ഈ പോസ്റ്റിൽ ഇടനിലക്കാരി എന്ന പങ്കേ എനിക്കുള്ളു കെട്ടൊ.
ഇതൊരു വിവാദമാക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല ....ആരെയും ന്യായീകരിക്കാനും എനിക്കാഗ്രഹമില്ല..ഇതിൽ ഞാൻ എഴുതിയിട്ടുള്ളത് അവരുടെ മനോഭാവം മാത്രമാണ്....അവരിൽ അത്തരം അഭിപ്രായം വന്നതു തന്നെ പത്രമധ്യമങ്ങളിൽ നിന്നും ആണ്...അല്ലാതെ അവർ ഇക്കാര്യത്തേക്കുറിച്ച് ആധികാരികമായി ചർച്ചചെയ്തതൊന്നുമല്ല.അങ്ങനെ കരുതുന്നവരുടെ വാക്കുകൾ സാധാരണക്കാരിൽ ഉളവാക്കുന്ന പ്രതികരണങ്ങൾ ചൂണ്ടിക്കാണിച്ചു എന്ന ബന്ധമേ എനിക്കുള്ളു....അതിനു ബ്ലോഗ്പോസ്റ്റ് ഒരു കാരണമായി എന്നു മാത്രം...
ഫെയിസ് ബുക്കിൽ ഒരിക്കൽ ഞാനൊരു കമന്റിട്ടിരുന്നു.“അന്ധർ ആനയെ കണ്ടപോലെ ,ആ സിനിമ ഒന്നു പുറത്തിറങ്ങുന്നതിനു മുൻപെ എന്തിനീ കോലാഹലം?“എന്ന്.
അതു തന്നെ ഞാൻ അവരോടും ചോദിച്ചു...അപ്പോൾ കിട്ടിയ മറുപടി”ഇറങ്ങിക്കഴിഞ്ഞിട്ടു പിന്നെ പറഞ്ഞിട്ടെന്തു കാര്യം ?”എന്നാണ്.
കാര്യമറിയാതെ വാളെടുക്കുന്നവര്‍ ധാരാളം....
എങ്കിലും സാധാരണക്കാരുടെ പ്രതിബദ്ധത പല കാര്യങ്ങളിലും അറിയപ്പെടാതെ പോകുന്നതും സാധാരണം മാത്രം....
നന്ദി കുഞ്ഞൂസ്.
പിന്നെ നമ്മുടെ എച്ച്മുവിൽ നിന്നും വിശദമായ ഒരു മറുപടി എനിക്കു കിട്ടി...എന്റെ ആശയങ്ങളും രീതികളുമായി ഒത്തിരി പൊരുത്തം തോന്നുന്ന വാക്കുകളുടെ ഉടമ എന്ന നിലയിൽ എനിക്കു കിട്ടിയ മറുപടി ഞാൻ കമന്റിൽ പോസ്റ്റുകയാണ്;എച്ച്മുവിനു കോളം എഴുതാനുള്ള സ്കോപ്പ് ആണെങ്കിലും ഞാനത് ഇവിടെ ഇടുന്നതിൽ വിഷമം വിചാരിക്കില്ലെന്ന പ്രതീക്ഷയോടെ.
Echmu Kutty
to me
തൊഴിലുറപ്പും ജോലികളും അധ്വാനത്തിന്റെ ആ അനുഭവവും വളരെ നന്നായി. അഭിനന്ദനങ്ങള്‍.
പക്ഷെ, ശ്വേതാ മേനോന് എന്ന നടിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ അത്ര നന്നായൊ
എന്നെനിക്ക് സംശയമുണ്ട്.
പ്രസവം എത്ര വേണമെങ്കിലും യൂ ട്യൂബിലും ഡിസ് കവറി ചാനലിലും കാണാം.... പണിക്ക് വന്ന
ആരും തന്നെ ഇതൊന്നും ചാനലില്‍ കണ്ടിട്ടില്ല എന്നത് സത്യം തന്നെയാണെങ്കിലും.
എന്തുകൊണ്ട് ശ്വേത?
അവരുടെ നടി എന്ന അസ്തിത്വം നമുക്ക് കണ്ടു പരിചയമുള്ള അവരുടെ ശരീരം , കാണാത്ത
ആ ശരീരഭാഗങ്ങളെ പറ്റിയുള്ള നമ്മുടെ പൊതുവായ ആര്‍ത്തിയും ഒപ്പം ആ ആര്‍ത്തിയെ ഒളിപ്പിക്കാനുള്ള അവജ്ഞാ പ്രദര്‍ശനവും....
സ്ത്രീകള്‍ തന്നെ സ്ത്രീകളുടെ ശരീരത്തെ നികൃഷ്ടമായി കാണണം, ഒരു കുഞ്ഞിന്റെ പിറവിയെയും നികൃഷ്ടമായി കാണണം എന്ന
സങ്കല്പമാണ് പുരുഷ ശരീരമാണ് ശ്രേഷ്ഠമെന്ന വിശ്വാസത്തിന്റെ മറുപുറം. സ്ത്രീയുടെ ഗുഹ്യഭാഗം ആരും പ്രത്യേകിച്ച് ഒരു പുരുഷന്, (അവളുടെ ഭര്‍ത്താവ് പോലും) കാണാന്‍ പാടില്ലെന്ന് കാമശാസ്ത്രം പറയുന്നു. കാരണം അതു കണുമ്പോള്‍ പുരുഷന് ആസക്തി കുറയുവാന്‍ സാധ്യതയുണ്ടത്രെ. അത്ര മേല്‍ അനാകര്‍ഷകവും മോശപ്പെട്ടതുമായ ഒന്നാണത്രെ അത്. മോശപ്പെട്ട ഒന്നിനെ ഒളിപ്പിക്കുക തന്നെ വേണമല്ലോ. കുഞ്ഞ് സ്ത്രീയുടെ വിസര്ജ്ജനാവയവുമായി അടുത്ത് ബന്ധം പുലര്‍ത്തിക്കൊണ്ടാണ് പുറത്ത് വരുന്നത്. അതുകൊണ്ട് കുഞ്ഞിന് ഒരു പ്രത്യേക രീതിയിലുള്ള അശുദ്ധി കല്പിക്കാറുണ്ട്. വിസര്‍ജ്ജനാവയവം ആരും കാണരുതല്ലോ. സ്ത്രീ ശരീരം മോശമാണെന്ന വിശ്വാസത്തിന്റെ വിപുലീകരണമാണ് ഭാര്യയുടെ കാല് ഭര്‍ത്താവ് തടവിക്കൊടുക്കുന്നതു പോലും വലിയ തെറ്റായിത്തീരുന്ന ജീവിത പരിതസ്ഥിതി. ഇന്ത്യയില്‍ പലഭാഗത്തും ഈ വിശ്വാസം നിലനില്‍ക്കുന്നുണ്ട്.
ഗര്ഭിണിയാവുന്ന രംഗം കൂടി കാണിക്കാമായിരുന്നില്ലേ എന്ന ചോദ്യം വളരെ ബാലിശമാണ്. കാരണം പ്രസവം പോലെ അതും അത്ര വേണമെങ്കിലും കാണാന്‍ കിട്ടും.
കേരളത്തിലെ തൊഴിലുറപ്പ് ജോലിക്കാരില്‍ നിന്നുമൊക്കെ എത്രയോ ഗതികേടില്‍ ജീവിക്കുന്ന സ്ത്രീകളുണ്ട് ഇന്ത്യയില്‍ .ഉടുതുണിക്ക് മറു തുണിയില്ലാത്തവര്‍... കൊടും തണുപ്പിലും പൊള്ളുന്ന ചൂടിലും ഒരു കറിക്കത്തിയുടെ മാത്രം സഹായത്തോടെ ആരും കാവലില്ലാതെ, പാടത്തും പറമ്പിലും ചേരികളിലും പ്രസവിക്കേണ്ടി വരുന്ന ഹതഭാഗ്യര്‍. അതൊന്നും നമുക്ക് വാര്‍ത്തയല്ല. ആ പ്രസവങ്ങള്‍ പകര്‍ത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. താമസിക്കാന്‍ ഇടമില്ലാത്തവര്‍ ലൈംഗികബന്ധം പുലര്‍ത്തുന്നത് പലപ്പോഴും പാര്‍ക്കുകളിലെ കുറ്റിക്കാടുകളില്‍, ഒരു കറുത്ത പ്ലാസ്റ്റിക് ഷീറ്റിന്റെ അടിയില്‍, വലിയ പൈപ്പുകള്‍ക്കുള്ളില്‍.... അതും പകര്‍ത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല.
ശ്വേതാ മേനോനെ എന്നല്ല ഒരു സ്ത്രീയേയും അടിക്കുന്ന കാര്യം ഒരിക്കലും ഒരു നന്മയാകുന്നില്ല. സ്ത്രീയെ മാത്രമല്ല പുരുഷനേയും . സ്ത്രീയെ സ്ത്രീയെക്കൊണ്ട് തന്നെ അടിപ്പിക്കുക എന്നതാണ് പുരുഷ മേല്‍ക്കോയ്മയുടെ ഏറ്റവും വലിയ വിജയം. തൊഴിലാളി മുതലാളിത്തം കേമമെന്ന് പറയില്ല, താഴ്ന്ന ജാതിക്കാരന് ജാതി വ്യവസ്ഥ കേമമെന്ന് പറയില്ല. എന്നാല്‍ പുരുഷമേല്‍ക്കോയ്മയും അതിന്റെ എല്ലാ മൂല്യങ്ങളും കേമമെന്ന് സ്ത്രീകള്‍ പറയും. സ്ത്രീകളെക്കൊണ്ട് അതു പറയിക്കാനും അതില്‍ വിശ്വസിപ്പിക്കാനും കഴിയുന്നതാണ് പുരുഷ മേല്‍ക്കോയ്മയുടെ ഏറ്റവും വലിയ വിജയം. പുരുഷ മേല്‍ക്കോയ്മയെ സ്ത്രീകളും പലതരത്തില്‍ സ്വന്തമാക്കി, സാംസ്ക്കാരികമായി, ധനപരമായി, സാമൂഹികമായി തന്നെക്കാള്‍ താഴെയെന്ന് തോന്നുന്ന സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കാറുണ്ട്. ആണ് കുട്ടിയുടെ അമ്മയ്ക്ക് പെണ്‍കുട്ടിയുടെ അമ്മയേക്കാള്‍ ദാമ്പത്യത്തില്‍ പ്രാധാന്യം വരുന്നത് അങ്ങനെയാണ്. ശരീരം പ്രദര്‍ശിപ്പിക്കുന്നുവെന്ന വാര്‍ത്ത വരുമ്പോഴേക്കും ശ്വേതാ മേനോനെ തല്ലണമെന്ന് മറ്റു സ്ത്രീകള്‍ക്ക് തോന്നുന്നത് അതുകൊണ്ടാണ്. സ്ത്രീ ശരീരം ഒരിക്കലും സ്ത്രീയുടെ ഉടമസ്ഥതയിലല്ലല്ലോ.
ശ്വേതാമേനോന്റെ പ്രസവം ഇന്ത്യ പോലെയുള്ള ഒരു പരമദരിദ്രരുടെ നാട്ടില്‍ ഒരു വിഷയം പോലുമാവേണ്ടതില്ല. , വിസര്‍ജ്ജനത്തിനു പോലും സൌകര്യമില്ലാത്തതുകൊണ്ട് എല്ലാം പരസ്യമായി പ്രദര്‍ശിപ്പിച്ച് നമ്മുടെ നാട്ടിലെ ദരിദ്ര ജനത കഴിഞ്ഞു കൂടുമ്പോള്‍ നമുക്ക് ശ്വേതയുടെ പ്രസവം എന്തിനു ഒരു വിഷയമാവുന്നുവെന്ന് എനിക്ക് അതിശയം തോന്നുന്നു. സ്ത്രീ ശരീരം ഇങ്ങനെ തുറന്ന് കാണാന്‍ ബ്ലെസ്സി എടുത്ത രംഗങ്ങള്‍ വേണമെന്ന് തന്നെയില്ല എന്നാണ് ഞാന്‍ കരുതുന്നത്.
തന്നെയുമല്ല, പ്രസവം പരസ്യമാക്കരുതെന്ന് പലരും പലവട്ടം പറഞ്ഞു, മറയുണ്ടാവണം എന്ന കാര്യം ഒത്തിരി കേട്ടതാണ്. അത് തുടര്‍ന്നു പറയുകയല്ലാതെ എന്തുകൊണ്ട് പ്രസവം പരസ്യമാക്കരുതെന്നതിന് പുതുമയുള്ള ഒരു വാദം ഈ പോസ്റ്റില്‍ അവതരിപ്പിച്ചു കണ്ടില്ല. അതുണ്ടായിരുന്നെങ്കില്‍ പോസ്റ്റ് കൂടുതല്‍ ഭംഗിയാകുമായിരുന്നു.
Photosum cherthu alle. nannayitundu team..
avarekkoode thurannu kaanikkoo ithu. santhoshamavatte.
avarkk athinulla saukaryangalonnum illa mukil.saadhaaranakkaaraaya veettammamaaraanu avar.
ee saukaryam upajogappeduthanum pattilla.ivide ninnum oru manikkoor dooramund ente gramathileykku.
സാധാരണക്കാരായ സ്ത്രീകളുമായി ഇടപഴകുമ്പോള്‍ ഞാനും പലപ്പോഴും അതിശയിച്ചുപോയിട്ടുണ്ട് ..സമകാലീന സംഭവങ്ങളെ പറ്റിയുള്ള അവരുടെ അഭിപ്രായങ്ങളും ചര്‍ച്ചകളും കേട്ട് ..
പിന്നെ ശ്വേതയുടെ പ്രസവം ,അതിന്റെ പേരില്‍ ഇത്രയും കോലാഹലം എന്തിനെന്നു മനസ്സിലാകുന്നില്ല.ആ സിനിമയില്‍ എന്താണ് ചിത്രീകരിച്ചതെന്നു കൂടി നമ്മളാരും കണ്ടിട്ടുമില്ല...
നാട്ടു വര്‍ത്തമാനവും നാട്ടു ഭംഗിയും കാടു വെട്ടലും ..നന്നായി ലീലേച്ചി
ആശംസകള്‍
nice................
:-)
നാട്ടിൻ പുറത്തെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ നേരിട്ടു മനസ്സിലാക്കാൻ അവസരം കിട്ടിയ സന്തോഷം ചേച്ചിയുടെ മുഖത്ത് കാണാനുണ്ട് ട്ടോ ..
ഒന്നിചിരുന്നൊരു പത്ര വായന പണ്ട് നാട്ടില്‍ പുറങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇന്നിപ്പോള്‍ അത് ടി.വി യെലേക്ക് മാറി. അപ്പൊ പിന്നെ സാധാരണക്കാരും ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയുന്നവരാകാതിരിക്കുമോ. എന്തായാലും പുതിയ വേഷം കലക്കി :)
Post a Comment