Saturday, June 9, 2012

ഭ്രാന്ത്

ഭ്രാന്ത്
ഭ്രാന്താണത്രെയെനിക്ക് ,യെന്‍
ചിന്തയില്‍ പുളയ്ക്കുന്നു പുഴുക്കള്‍.
തെരുവിലൂടലയുവാന്‍ വയ്യ,
കാണികള്‍ ആര്‍ത്തു ചിരിക്കുന്നു;
ഭ്രാന്തിയെന്നുച്ചത്തില്‍ കൂവുന്നു,
കൈയാട്ടി.യാട്ടിയകറ്റുന്നു,
എറിയുവാന്‍ കല്ലെടുക്കുന്നു.

ചുറ്റിലും വേതാള രൂപികള്‍,
നിഴല്ക്കുത്ത് മുറുകുന്നു,
ഇരുള്‍ഭൂതങ്ങളുണരുന്നു,
ഗതിയില്ലാപ്രേതങ്ങളലയുന്നു.
കൂരകള്‍തകര്‍ത്തെത്തും കശ്മലര്‍,
ഉടയാടത്തുമ്പില്‍ കൈമുറുക്കും വിടന്മാര്‍;
മുമ്പില്‍,
പാല്‍ മണം മാറാക്കുഞ്ഞുപൈതങ്ങള്‍ ,
അസ്ഥികള്‍ക്കുള്ളില്‍ വെറുംസ്പന്ദനം മാത്രം
പേറും വൃദ്ധകള്‍;അമ്മ പെങ്ങന്മാര്‍
(എന്തിന് ....?!
കോലില്‍ തുണിചുറ്റിയപോല്‍ ഒരു പെണ്‍രൂപം)
ഭേദം തിരിയാതെ,പകല്‍ മാന്യന്മാര്‍, അന്ധര്‍,
കാമം പെയ്തു തീര്‍ക്കുന്നു ...
കാമം പെയ്തുതീര്‍ക്കുന്നു...

പെരുവഴിയില്‍ വെടിയൊച്ച
വടിവാളിന്‍ തിളക്കം,
കുരുതിക്കളങ്ങള്‍ .....രുധിരപ്പുഴകള്‍ ...
ഹൃദയംതകര്‍ക്കും പ്രാണരോദനങ്ങള്‍ ....
തെരുവില്‍ കാത്തിരിക്കും കഴുകന്മാര്‍
അറിയാതെത്തും പാവമിരകള്‍,
കൊത്തിയരിഞ്ഞു പകതീര്‍ത്ത്
ധനാര്‍ത്തിപൂണ്ട കശാപ്പുകാര്‍,
കൈകഴുകും രാജാക്കള്‍
കൂടെ മ്ലേച്ഛക്കൂട്ടങ്ങള്‍ ..
വാക്ശരങ്ങള്‍, .....ചെളിയേറുകള്‍,
വീഴ്ച്ചകള്‍ ....,ഉരുളു നേര്‍ച്ചകള്‍
കാഴ്ച്ചകള്‍ അങ്ങനെ തുടരുന്നു.
ചുറ്റും കാണികള്‍,
അപ്പോഴും വിളിച്ചാര്‍ക്കുന്നു ..
ഭ്രാന്താണത്രെയെനിക്ക്...കൊടും
ഭ്രാന്താണത്രെയെനിക്ക്....

അതെ , ഭ്രാന്തി !!

ഞാനൊരുഭ്രാന്തി, ബുദ്ധിഭ്രമമുള്ളവള്‍,
ചുറ്റുംനടക്കും നടിപ്പുകള്‍ കണ്ടുരസിക്കുന്നവള്‍.
എങ്കിലും പുഴുക്കളില്ലെന്റെ ചിന്തയിലിപ്പോള്‍
ഉള്ളതോ, ജ്വലിക്കുന്നപ്രതികാരാഗ്നി മാത്രം.
.
അമ്മതന്‍ചാരെ സ്വസ്ഥമുറങ്ങും പൊന്‍കുഞ്ഞിനെ
റാഞ്ചുവാന്‍ തക്കംപാര്‍ത്ത് കഴുകന്‍ പറക്കുമ്പോള്‍,
എന്‍സോദരിമാര്‍ മാനംകാക്കുവാന്‍ പിടയുമ്പോള്‍
എന്റെ പെറ്റമ്മപോലും ഞടുങ്ങിവിറയ്ക്കുമ്പോള്‍,
ചുറ്റും ചെന്നായ്ക്കള്‍ സ്വൈര്യം മദിച്ചുപുളയ്ക്കുമ്പോള്‍,
'വാളെടുത്തവന്‍ വാളാല്‍' എന്നോതിയോനും പേടി-
ച്ചൊളിക്കാന്‍ കുരിശ്ശിന്റെ മറവുതേടീടുമ്പോള്‍,
സ്ഥാനമാനത്തിന്‍ പിടിമുറുക്കാന്‍ നാണംകെട്ട്
ഒത്തുതീര്‍പ്പിനായ് രാജ്യം പതിച്ചുകൊടുക്കുമ്പോള്‍,
ഭ്രാന്തുമായ് ചിരിച്ചാര്‍ത്തുനടക്കാനല്ല എന്റെ -
ജന്മമെന്നറിഞ്ഞു ഞാന്‍ നില്ക്കുന്നീരണഭൂവില്‍.

കുത്തിയവനെ കുത്തിക്കൊല്ലുവാന്‍ തരിക്കുന്ന
കത്തിയുമായ്‌ തെരുവിലെത്തിയതാണീ,ഭ്രാന്തി !

രക്തത്തില്‍പങ്കില്ലെന്ന് കൈകഴുകുന്നവന്റെ
ശിരസ്സുതകര്‍ക്കുവാന്‍ ഉറച്ചെത്തിയീ,ഭ്രാന്തി !

കുരുതിക്കളംതീര്‍ക്കാന്‍ അടവുപയറ്റുന്ന
ശകുനികള്‍തന്‍ നാശം കാത്തിരിപ്പിവള്‍,ഭ്രാന്തി...!

അരുതെന്ന് കേഴുന്നോരബലകള്‍ തന്‍ മാനം
കാത്തുരക്ഷിക്കാന്‍ മാര്‍ഗ്ഗം കാട്ടുവോളിവള്‍,ഭ്രാന്തി ...!

ശവഭോഗത്തിന്നായിട്ടെത്തിടും കാട്ടാളരെ
ഷണ്ഡരാക്കുവാന്‍ വരംനേടിയോളിവള്‍,ഭ്രാന്തി...!

ഒറ്റുവാന്‍, ഒതുക്കുവാന്‍, പണം എന്നാര്‍ക്കുന്നോന്റെ
പണിതീര്‍ക്കുവാന്‍ തക്കംപാര്‍ത്തിരിപ്പിവള്‍,ഭ്രാന്തി...!

ഭ്രാന്തിയാണ് ഞാന്‍, എന്റെ ചിന്തകള്‍ക്കെല്ലാം ഭ്രാന്തിന്‍-
പിന്‍ബലം,നിയമത്തിന്‍ പരിരക്ഷയും,പോരേ...?!!

ഇനിയും അത്യുച്ചത്തില്‍ ആര്‍ത്തു വിളിക്കൂ,ഭ്രാന്തിന്‍
വിത്തുകള്‍ എന്‍സിരയില്‍ ഊര്‍ജ്ജമായ് ഒഴുകട്ടെ.
ഇനിയും അത്യുച്ചത്തില്‍ ആര്‍ത്തു വിളിക്കൂ,ഭ്രാന്തിന്‍
വിത്തുകള്‍ എന്‍സിരയില്‍ ഊര്‍ജ്ജമായ് ഒഴുകട്ടെ.

11 comments:

mini//മിനി said...

ഇന്നത്തെ ലോകത്തോട് രോഷം പ്രകടിപ്പിക്കുന്ന കവിത വളരെ നന്നായി. കാട്ടാളന്മാരെ തകർക്കാൻ ഒരു ഭ്രാന്തിക്ക് കഴിയുമോ?

K@nn(())raan*خلي ولي said...

ഇന്നത്തെ കാലത്ത് ഭ്രാന്തനായി ജീവിക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.
ഈയടുത്തും വായിച്ചു, സ്വന്തം മകനെ നിഷ്കരുണം ആക്രമിച്ച ഒരച്ചനെ കുറിച്ച്!

നല്ല കവിത. സമകാലികം!

Unknown said...

ഇതുശരിക്കും വട്ടു തന്നെ. അതിനിത്ര നീട്ടിപ്പിടിച്ചെഴുതണോ? നന്നായി...

ente lokam said...

ഭ്രാന്തമായ ലോകത്തെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മറുപടി പലപ്പോഴും
ഭ്രാന്തമായി തന്നെ ആവണം...

ഏതാണ് ഭ്രാന്തു..ഏതാണ് സത്യം എന്ന് കവിത ഒരു വിചിന്തനം നടത്തുന്നുണ്ട്..

അഭിനന്ദനങ്ങള്‍.....

ജയശങ്കർ കൃഷ്ണപിള്ള said...

ഇനിയും കവിതയുടെ വിത്തുകള്‍ സിരയില്‍ ഊര്‍ജ്ജമായ് ഒഴുകട്ടെ......അഭിനന്ദനങ്ങള്‍.....

പ്രയാണ്‍ said...

I loved it..... അടുത്ത തവണ കാണുമ്പോള്‍ ഒരു ചെമ്പരുത്തിപ്പൂ കൈമാറണം നമുക്ക്....:)

ചന്തു നായർ said...

ആശംസകൾ....

മുകിൽ said...

bhranthinte oru peythaanallo.. nannaayi ee theevratha.

kochumol(കുങ്കുമം) said...

ഇനിയും അത്യുച്ചത്തില്‍
ആര്‍ത്തു വിളിക്കൂ ,ഭ്രാന്തിന്‍
വിത്തുകള്‍ എന്‍ സിരയില്‍
ഊര്‍ജ്ജമായ് ഒഴുകട്ടെ...
ഒഴുകട്ടെ ഒഴുകട്ടെ കവിതകള്‍ സിരയില്‍കൂടി
ഊര്‍ജ്ജമായ് തന്നെ ഒഴുകട്ടെ ...!!

sushamaraman said...

ലളിതസുന്ദരമായ വരികള്‍.

പൈമ said...

നന്നായിട്ടുണ്ട്