Tuesday, September 6, 2011

ഓണമാണല്ലോ നാളെ.


ഓണമാണല്ലോ നാളെ
ഓമനേ നിന്‍ തൂമുഖം
തെളിഞ്ഞീടാത്തതെന്തേ
പിണക്കം തീര്‍ന്നില്ലെന്നോ?

ഉത്രാടപ്പൂക്കള്‍ നിറ-
ച്ചുറ്റ തോഴരിങ്ങെത്തി
നിന്റെ പൂക്കൂട മാത്രം
ഇപ്പോഴും ശൂന്യമെന്നോ?

തുമ്പച്ചെടികള്‍ നീളെ
വെള്ളപ്പൂ ചാര്‍ത്തിയിട്ടും
തുമ്പികള്‍ മോദമോടെ
പാറിയുല്ലസിച്ചിട്ടും,

നെല്‍ വയലേലകളില്‍
പൊന്‍ കതിര്‍ വിളഞ്ഞിട്ടും
വെള്ളിലം കാടിന്നുള്ളില്‍
കിളികള്‍ ചിലച്ചിട്ടും,

കാക്കപ്പൂ പറിക്കുന്ന
കരുമാടികള്‍ ചുമ്മാ
തങ്ങളില്‍ കളിയാക്കി-
പ്പാട്ടുകള്‍ പാടിയിട്ടും,

പുത്തനാം പൂക്കള്‍ തേടി-
പ്പോകും നിന്‍ തോഴര്‍ കുന്നില്‍-
ക്കുത്തനെയോടിക്കേറി-
ക്കളിച്ചു തിമിര്‍ത്തിട്ടും,

മുക്കുറ്റിപ്പെണ്ണിന്‍ മൂക്കി-
ന്ററ്റത്തു പൊന്‍ മൂക്കുത്തി
മൂവന്തി വെളിച്ചത്തി-
ലൊളി തൂകി നിന്നിട്ടും,

മുറ്റത്തു ചേലില്‍ തീര്‍ത്ത-
പ്പൂക്കളം ചിങ്ങവെയില്‍-
ച്ചൂടിനാല്‍ വാടിത്തളര്‍-
ന്നലസം കിടന്നിട്ടും,

മുത്തേ, നിന്‍ മുഖത്തെന്തേ
കാര്‍ മുകില്‍ പടരുന്നു..?
നിന്റെ നീള്‍ നയനങ്ങള്‍
നിറഞ്ഞു തുളുമ്പുന്നു...?

ചെത്തിയും ചേമന്തിയും
ചെമ്പരത്തിയും റോസും
ചെറ്റരികത്താത്തോപ്പില്‍
നിനക്കായ്‌ വിടര്‍ന്നിട്ടും,

തൃക്കാക്കരപ്പന്റുച്ചി-
ത്തടത്തില്‍ കുടയാകാന്‍
വേലിയില്‍ വീണ്ടപ്പൂക്കള്‍
കണ്ണുകള്‍ മിഴിച്ചിട്ടും,

വരിക്ക പ്ലാവിന്‍ കൊമ്പില്‍
കെട്ടിയയൂഞ്ഞാല്‍ കാറ്റില്‍
തനിച്ചാടിടാന്‍ മടി-
ച്ചോമലെ വിളിച്ചിട്ടും ,

ഓണ സദ്യയ്ക്കായ്‌ മുമ്പേ-
യെത്തിയ കാക്കക്കൂട്ടം
പിന്നിലെ വാഴക്കൈയി-
ലിരുന്നു ക്ഷണിച്ചിട്ടും,

നന്മ തന്‍ അവതാരം
മാബലി മന്നന്‍ വാണ
കുന്നലനാട്ടിന്‍ മക്കള്‍-
ക്കുത്സാഹമേറിയിട്ടും,

ജലഘോഷങ്ങള്‍ക്കായി
ചുണ്ടനും ചുരുളനും
ഓടി, പള്ളിയോടങ്ങ-
ളൊക്കെയുമൊരുങ്ങീട്ടും,

നാടാകെയുണര്‍വ്വിന്റെ
പുത്തനുടുപ്പണിഞ്ഞ-
ങ്ങോണമാ,യോണമാ,യെ-
ന്നുറക്കെ ഘോഷിച്ചിട്ടും,

കണ്മണീ,നിന്മുഖത്തെ
കാര്‍മുകില്‍ മാത്രം മാഞ്ഞി-
ല്ലെന്തിനീപ്പരിഭവം,
കരളു വിങ്ങും ഭാവം..?

കൂട്ടുകാരെന്തെങ്കിലും
പറഞ്ഞിട്ടാണോ കളി-
വാക്കുകള്‍, പുത്തനുടു-
പ്പിഷ്ടമാകാഞ്ഞിട്ടാണോ...?

അച്ഛനമ്മമാരോടോ..,
കൊച്ചനുജത്തിയോടോ..,
നിന്‍ കോപം...?പറഞ്ഞെന്നാല്‍
പിണക്കം തീരുമല്ലോ..

കള്ളവും ചതിയേതു-
മില്ലാതെയെല്ലാവരും
സന്തോഷത്തോടെ വാഴാ-
നിടയേകിയ മന്നന്‍,

നിന്റെയീ ഭാവം പാര്‍ത്തു
സങ്കടപ്പെടുകില്ലേ..?
ചിരിക്കൂ, മനം തെളിഞ്ഞോ-
ണമാണല്ലോ നാളെ.
.........................

32 comments:

the man to walk with said...

ചിരിക്കൂ, മനം തെളിഞ്ഞോ-
ണമാണല്ലോ നാളെ.

ഓണാശംസകള്‍

ഫാരി സുല്‍ത്താന said...

ഓണാശംസകള്‍...!!!

Unknown said...

ഓണമാണല്ലോ നാളെ. ഓഹോ അതില്‍ തന്നെ ഒരു വിഷാദം തളം കെട്ടി കിടക്കുന്നു
ആ വിഷാദം കവിതയില്‍ മുഴുവന്‍ വിഷാദ വിഹാരമാണ് ....
ഒരു വേദന പടര്‍ത്തുന്നു

K@nn(())raan*خلي ولي said...

അമ്മക്ക് ഈ മകന്റെവക ഒരായിരം ഓണാശംസകള്‍ !

(കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍പോയപ്പോള്‍ എന്റെ റീഡിംഗ്റൂമില്‍ - പഴയ പുസ്തക ശേഖരത്തില്‍ നിന്നും കിട്ടിയ 'സമയം' മാസികയില്‍ ഈ കവിത കണ്ടിരുന്നു. അത് അപ്പാടെ കീറിയെടുത്ത് ദുബായിലെത്തിച്ച എന്നെ സമ്മതിക്കണം)

ആളവന്‍താന്‍ said...

കവിത മനസ്സിലാക്കാന്‍ പറ്റുന്നതാണ്.

അവിടെയൊക്കെ ഓണം നാളെയാണോ ടീച്ചറെ?

പ്രയാണ്‍ said...

എല്ലാ നന്മകളും നേരുന്നു........

Renjishcs said...

ഒന്ന് ചിരിക്കൂ, മനം തെളിഞ്ഞോ-
ണമാണല്ലോ നാളെ....

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഭ്രാന്തനച്ചൂസ് said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!!

ചന്തു നായർ said...

ഹൃദയം നിറഞ്ഞ ഓണാശംസകൾ....

ശ്രീജ പ്രശാന്ത് said...

ചിരിച്ചൂ മനം തെളിഞ്ഞോണമേ പോരൂ വേഗം:)

അനില്‍കുമാര്‍ . സി. പി. said...

ഹൃദ്യമായ ഓണാശംസകള്‍

മുകിൽ said...

Oro aakhoshatheyum ingane kavitha kondu poല്ikumlle... (polikum-ennezhuthiyal thetidharikumallo. malayalam illaatha prasnam..)

Sidheek Thozhiyoor said...

വിഷാദരഹിതമായ നല്ലൊരു ഓണം ആശംസിക്കുന്നു..

Unknown said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Muyyam Rajan said...

നാളെ ഓണമാണല്ലെ...നാട്ടില്‍ ഓണം കൂടിയിട്ട് കാലമെത്രയായി..? 02.09.11 ലെ മാതൃഭൂമി പത്രത്തില്‍ എന്റെ 'മിഡില്‍' വന്നു പോലും! അതിനു തലേന്ന് ആകാശവാണിയില്‍ (കണ്ണൂര്‍)എന്റെ പാട്ടും...ഇതൊക്കെ പിന്നീടാരോ പറഞ്ഞറിഞ്ഞു ...അതിനാല്‍ ഇവിടേക്ക് ഓണം വരാന്‍ വൈകുമല്ലെ..?എന്നാലും നേരുന്നു ഹൃദ്യമായ ഓണാശംസകള്‍!

Muyyam Rajan said...
This comment has been removed by the author.
Hashiq said...

ഓണാശംസകള്‍............

Manoraj said...

അതേന്നേ.. ഓണമായിട്ട് ഒന്ന് പൊട്ടിച്ചിരിക്ക്.. അല്ലാതെ വിഷാദമായിട്ടിരിക്കാതെ..

ഓണം വന്നല്ലോ.. ഓണം വന്നല്ലോ..

ഓണാശംസകള്‍ ചേച്ചി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എല്ലാവരികളിലും ഓണംവന്നു.മലയാളിയുടെ മനസ്സു പോലെ എവിടെയോ ഒരു തേങ്ങൽ .
മനോഹരമായ ഒരു ഓണം ആശംസിക്കുന്നു.
എന്റെ പൂക്കളം കാണാൻ സമയം ഉണ്ടങ്കിൽ ഒന്നു വരണേ.

ഗീത said...

അതാരാ ആ പിണക്കക്കാരി? ഓണക്കോടി വാങ്ങിക്കൊടുക്കാഞ്ഞിട്ടാവും പിണക്കം. നാളെത്തേക്ക് അതെല്ലാം മാറും.

ഓണാശംസകൾ ലീല ടീച്ചർ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കവിത ലളിതസുന്ദരം. ഓണാശംസകൾ നേരുന്നു.

Sreekumar Elanji said...

ഓണമാണല്ലോ നാളെ
ഓമനേ നിന്‍ തൂമുഖം
തെളിഞ്ഞീടാത്തതെന്തേ
പിണക്കം തീര്‍ന്നില്ലെന്നോ?

മനോഹരമായ ഓണക്കാഴ്ചകള്‍ മനസ്സില്‍ സമ്മാനിച്ച
നല്ല കവിത.ലീല ടീച്ചര്‍ക്കും കുടുംബത്തിനും ഓണാശംസകള്‍.

A said...

ഓണവരികള്‍ നന്നായിരിക്കുന്നു
ഓണാശംസകള്‍

Double Large...! said...
This comment has been removed by the author.
Double Large...! said...

ലളിതം.. മനോഹരം..
അഭിനന്ദനങ്ങള്‍.
-വിജയരാഘവന്‍ പനങ്ങാട്ട്..

ManzoorAluvila said...

nice ...onaashamsakal teacher

Echmukutty said...

ഈ ഓണം ഞാൻ കാണാതെ പോയല്ലോ...

കൊമ്പന്‍ said...

വരാന്‍ കുറെ വൈകി
ഓണം കഴിഞ്ഞാലും ഇല്ലെങ്കിലും വരികള്‍ ലളിതവും സുന്ദരവുംആയിരിക്കുന്നു

വീകെ said...

ഓണക്കവിത നന്നായിരിക്കുന്നു...
ഇനിയിപ്പോൾ ‘ഓണാശംസകൾ‘ നേരുന്നതിൽ അർത്ഥമില്ലല്ലൊ ലീലേച്ചി...
എങ്കിലും ആ കുരുന്നു മുഖത്തെ തെളിച്ചമില്ലായ്മയുടെ കാരണം കൂടി ഒന്നു പറയാമായിരുന്നു.
ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

കന്നിമാസത്തെ ഓണം പോലും കഴിഞ്ഞു..
എന്നാലും കിടക്കട്ടെ ഒരു ആശംസ

ente lokam said...

hum vishaadam aanu..ennalum happy onam...:)

the man to walk with said...

ഓണാശംസകള്‍