യാത്ര.
പടിക്കലെത്തി ഞാന്‍
തരിച്ചു നില്ക്കുന്നു
പടി കടക്കാതെ
തിരിച്ചു പോകുന്നു,
ഒരു യാത്രാ മൊഴിപറയാനാകാതെ
ഒരിക്കല്‍ക്കൂടി ഞാന്‍ വരുമെന്നോതാതെ
മടക്കയാത്രയ്ക്കായൊരുക്കം കൂട്ടാതെ
മരണശാന്തിക്കായ് തിടുക്കം കാട്ടാതെ
തുണയ്ക്കാളെക്കാത്തു മടിച്ചു നില്‍ക്കാതെ
തുളുമ്പും നീര് മുത്തിന് കണക്കെടുക്കാതെ
തുടിക്കും നെഞ്ചിലെ പിടച്ചിലോര്‍ക്കാതെ
തുടിതന്നൊച്ചയില്‍ ലയിച്ചു നില്‍ക്കാതെ
വിറയ്ക്കും കാലിന്റെ
തളര്‍ച്ച നോക്കാതെ
വിതുമ്പും മോഹത്തിന്
തകര്‍ച്ച കാണാതെ
മധു ലഹരിയിലലിഞ്ഞൊഴുകാതെ
മദ ഭരിതമാം നിനവറിയാതെ
മിഴിച്ച കണ്ണിലെ തിമിരം മാറ്റാതെ
മനക്കണ്ണിന് വാതിലടയ്ക്കാന്‍ നില്ക്കതെ
ഉദയ സൂര്യന്റെ കിരണമേല്‍ക്കാതെ
ഉടു തുണി വലിച്ചെറിയാനാവാതെ
അര വയറിന്റെ വിശപ്പു മാറ്റാതെ
അരുമക്കുഞ്ഞിന്റെ ഞരക്കം കേള്‍ക്കാതെ
നിറഞ്ഞ സ്തന്യത്തിന്നുറവുണക്കാതെ
നിറനിലാവിന്റെ കുളിരണിയാതെ
തിരിച്ചു പോംവഴി
തിരിച്ചറിയാതെ
തിരിവില്‍ കാത്തിടും
ദുരന്തമോരാതെ,
മലചവിട്ടുവാന്‍ വൃതമെടുക്കാതെ
മലമുകളിലെ മഹിമയോര്‍ക്കാതെ
ഇരുമുടിക്കെട്ടൊന്നൊരുക്കി വയ്ക്കാതെ
ഇരുളിന് ചീളുകള്‍ തുടച്ചു മാറ്റാതെ,
ഒരു മെഴുതിരി കൊളുത്തി വയ്ക്കാതെ
ഒരു ദീപത്തിലും നറുനെയ് ചേര്‍ക്കാതെ
ഇടറി വീഴ്വതിനിടവും തേടാതെ
ഇട വഴിയിലെ കുഴികള്‍ കാണാതെ
ഇടയ്ക്കൊരത്താണി
സ്മരിച്ചു കേഴാതെ
ഇടയ്ക്കിടെ നിന്നു
തളര്‍ച്ച മാറ്റാതെ
ഇടയച്ചെക്കന്റെ കുഴലു കേള്‍ക്കാതെ
ഇടയന് ചൊല്ലിയ വചനമോര്‍ക്കാതെ
അയല്‍ക്കാരെ കഴു മരത്തിലേറ്റാതെ
അവര്‍ക്കായി മരക്കുരിശ്ശു നീട്ടാതെ
അര മുറുക്കാതെ
അണിഞ്ഞൊരുങ്ങാതെ
അണിയറയിലെ
തിരക്കു തീര്‍ക്കാതെ,
തിരക്കില്‍ നിന്നുടല്‍ തിരിച്ചെടുക്കാതെ
തിലകം ചാര്‍ത്തുവാന്‍ വിരലനക്കാതെ
ചിലങ്ക കെട്ടാതെ
കളം വരയ്ക്കാതെ
ചുവടു വയ്ക്കുവാന്‍
തലകള്‍ കാണാതെ
തിരിച്ചു പോകുന്നൂ.......
തിരിച്ച് പോകുന്നെ ........
തിരിച്ചു പോകുന്നു, ചിരപരിചിതം
തിളച്ച പാതയില്‍ തിടുക്കമേറുന്നു.....
വഴിയ്ക്കൊരായിരം മുഖങ്ങള്‍ കാണുന്നു
വെളിച്ചം മങ്ങിയ നിഴല്‍ രൂപങ്ങളായ്,
അടുപ്പമുള്ളവര്‍
അകന്നു നില്ക്കുന്നു,
അകന്നു നിന്നവര്‍
അപഹസിക്കുന്നു.....
ചിരിച്ചു കാട്ടുവാന്‍, കളിവാക്കോതുവാന്‍,
ചതുപ്പില്‍ നിന്നു കൈപിടിച്ചു കേറ്റുവാന്‍
തുറിച്ച കണ്ണിലെ കനലണയ്ക്കുവാന്‍
തരളചിത്തത്തിന്‍ തപം കുറയ്ക്കുവാന്‍
കഴിയാതെന്‍ വഴി അടഞ്ഞു നില്ക്കുന്നു
കരള്‍ വിറയ്ക്കുന്നു കദനമേറുന്നു....
തിരിച്ചു പോകാതെയിരിക്കുവാന്‍ വയ്യ
തിരിച്ചു പോകുന്നേ ...
തനിച്ചു പോകുന്നേ....
തിരിച്ചറിവിന്റെ ഞടുക്കം, വീണ്ടുമാ-
പടിക്കലെത്തി ഞാന്‍ തരിച്ചു നില്ക്കുന്നു,
പടി കടക്കുവാന്‍ വഴിയറിയാതെ,
പടി കടന്നാലെ,ന്തതുമറിയാതെ,
തിരിച്ചു പോകാതെ
പടി കടക്കാതെ,
തരിച്ചു നില്ക്കുന്നു
പടിക്കല്‍ത്തന്നെ ഞാന്‍.,
തനിച്ചു നില്ക്കുന്നു
പടിയ്ക്കല്‍ത്തന്നെ ഞാന്‍....
*******************
18 comments:
കവിത നന്നായി.
അവസാന വരികൾ തീർച്ചയായും.
എല്ലാം ഇങ്ങനെയൊക്കെ ആയിട്ടുപോലും പടി കടക്കാതെ.........
അഭിനന്ദനങ്ങൾ ടീച്ചറ്.
പിന്നെ ഞാനാണല്ലോ ആദ്യം.
തിരിച്ചു പോകാന്‍ ആകാതെ തരിച്ചു നില്ക്കുന്നു ...
തരിച്ചു നിന്നാലും തിരിച്ചു പോയെ തീരു....ഞാന്‍
വായിച്ചതില്‍ ഏറ്റവും ഇഷ്ട്ടപെട്ടത് ഇതാണ് ടീച്ചര്‍.
അഭിനന്ദനങ്ങള്‍ ...നന്നായി എഴുതി....
"അടുപ്പമുള്ളവര്‍
അകന്നു നില്ക്കുന്നു,
അകന്നു നിന്നവര്‍
അപഹസിക്കുന്നു"
നന്നായിരിക്കുന്നു ചേച്ചി!!
ആശംസകളോടെ,
ജോയ്സ്!
ഈ യാത്ര തുടങ്ങിയതെവിടെനിന്നോ?
........
നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...
എന്നാകിലും പോകാതെ വയ്യ
പതിനാലു സംവത്സരം നരകകാന്താര സീമകളിൽ വാഴാതെ വയ്യ
എന്ന് യാത്രാ മൊഴിയിൽ ചുള്ളിക്കാട് പറഞ്ഞ പോലെ
തിരിച്ചു പോയും പടി കടന്ന് വന്നു പടി കടക്കാനാവാതെയും വല്ലാത്ത ഒരു ത്രിശങ്കുവിൽ...
പക്ഷേ, കവിത ചിതറി വല്ലാതെ...
ലോകത്തുള്ള എല്ലാത്തിനെയും അഭിസംബോധന ചെയ്യേണ്ടതില്ലായിരുന്നു..
നന്മകൾ വാക്കുകളിൾ പകരാനുള്ള ശ്രമം ആണെങ്കിലും കവിത വല്ലാതെ അയഞ്ഞു പോയി...
ചേരാത്ത പല സന്ദർഭങ്ങൾ ചേർത്തുവച്ചതുകൊണ്ട് പല ശിഖരങ്ങളുള്ള മരം പോലെ ആയി. ഒന്നുകൂടി എഡിറ്റ് ചെയ്താൽ കവിത കൂടുതൽ മുഴക്കവും ആഴവുമുള്ളതാവും.
മുംബൈയില്‍ നിന്നും വിജയകുമാര്‍ എഴുതുന്നു.
'യാത്രയെക്കുറിച്ച് എനിക്ക് തോന്നിയത് എഴുതുന്നു . . .
സിഗ്മണ്ട് ഫ്രോയിഡിന്റെ id, ego, superego ഓര്മ വന്നു . Id-നെ നമ്മുടെ മനസ്സിലെ കുട്ടിത്തമെന്നും , superego-വിനെ നിയന്ത്രണ മനസ്കതയെന്നും ego-വിനെ പ്രയോഗികമനസ്കതയെന്നും സാധാരണക്കാരുടെ ഭാഷയില്‍ വിവരിക്കാന്‍ പറ്റിയേക്കും . യാത്രയിലെ വടംവലി id-ഉം superego-വും തമ്മിലാണെന്ന് തോന്നി .
കവിത അല്പം നീണ്ടു പോയി എന്ന് തോന്നിയത് ഒരുപക്ഷെ എന്റെ ഇപ്പോഴത്തെ മലയാള വരള്‍ച്ചയുള്ള ജീവിതാന്തരീക്ഷം കാരണമായിരിക്കാം . മുംബൈ ജീവിതത്തെ പഴി പറയുന്നത് ഒരു കാരണം കണ്ടുപിടിക്കലാവാം ….'
വായിച്ചു. ഇഷ്ടപ്പെട്ടു.
കൊള്ളാം ആശംസകള്‍
"ഇടയ്ക്കിടെ നിന്നു
തളര്‍ച്ച മാറ്റാതെ"
നിത്യ വിശ്രമത്തിലേക്കൊരു യാത്ര.
ഇത്രയും നീട്ടേണ്ടതില്ലായിരുന്നു.
ടീച്ചറെ കവിത വളരെ ഇഷ്ടപ്പ്ട്ടു ..പ്രത്യേകിച്ചും ഈ വരികള്‍ "അടുപ്പമുള്ളവര്‍
അകന്നു നില്ക്കും
അകന്നു നിന്നവര്‍
അപഹസിക്കും "
ഇത് സത്യാവസ്ഥയാണ് . ഈ കവിത ഒത്തിരി നീണ്ടുപോയോ എന്നൊരു ചിന്താഗതി എനിക്കും തോന്നി .
തിരിച്ച് പോകാനാകാതെ നില്‍ക്കേണ്ടി വരുമ്പോഴും തരിച്ച് തന്നെ നിക്കേണ്ടി വരുന്ന കാഴ്ചകള്‍.
ഇഷ്ടായി ടീച്ചര്‍.
valare nannayittundu....... aashamsakal....
വായിച്ചു.....ഇഷ്ടപ്പെട്ടു.....ആശംസകള്‍
നന്നായിരിക്കുന്നു എന്നാലും എവിടെയും എത്താതെ പോയോ എന്നൊരു സംശയം
പടികടക്കാതെ തരിച്ചുനിൽക്കാൻ തക്കവണ്ണം എന്താണുണ്ടായത്..? ഇങ്ങനെയൊക്കെയായിട്ടും..
കവിത വളരെ നന്നായിട്ടുണ്ട് ടീച്ചർ.
തിരിച്ചു പോകാതെ
പടി കടക്കാതെ,
തരിച്ചു നില്ക്കുന്നു
പടിക്കല്‍ത്തന്നെ ഞാന്‍.,
തനിച്ചു നില്ക്കുന്നു
പടിയ്ക്കല്‍ത്തന്നെ ഞാന്‍...
അനിവാര്യമായ ഒരു വേദനയായി നമുക്കിതിനെ കാണാം..
ഹൃദയം നിറഞ്ഞ ആശംസകളോടെ..
കവിത നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയും തുടരുക..
Post a Comment