Sunday, December 5, 2010

മോഹഭ്രമങ്ങള്‍

മോഹഭ്രമങ്ങള്‍
ലീല എം ചന്ദ്രന്‍

മണിനാലടിച്ചല്ലൊ
പടി വാതിക്കല്‍ച്ചെന്നു
സ്കൂള്‍ബസ്സു വരുന്നതും
കാത്തു നില്‍ക്കയായി ഞാന്‍,
കൃത്യമായിരുപതു
മിനിറ്റേ വേണ്ടൂ, ഇന്ന്
ബസ്സില്ല,
ഇരുപത്തിമൂന്നു മിനിറ്റായിതാ..

ഉത്‌കണ്ഠ പെരുകുന്നു
നയനം തുടിക്കുന്നു
ദുശ്ചിന്ത ഹൃദന്തത്തിന്‍

ചലനം തെറ്റിക്കുന്നു

നിത്യവും ദുരന്തത്തിന്‍
വാര്‍ത്തയേ കേള്‍ക്കാനുള്ളു
റോഡിലും റെയിലിലും
വ്യോമ പാതയില്‍പ്പോലും.

പ്രാര്‍ഥനാഗീതങ്ങളെന്‍
ഹൃത്തില്‍ നിന്നുയരുന്നു
അര്‍പ്പിതമാകുന്നെല്ലാം
വിശ്വ നിയന്തിതാവില്‍.

ക്ലോക്കിലേക്കൊരു വട്ടം
കൂടി നോക്കുവാന്‍ പേടി,
എന്തിനിത്ര വേഗത്തില്‍
സൂചികള്‍ കറങ്ങുന്നു?!
ഉത്‌കണ്ഠ പ്പിശാചിനെ
തുരത്തിയിതാ ബസ്സി-
ന്നിരമ്പം, മനം തുള്ളി 'യീശ്വരാ...എത്തിപ്പോയി..!'

മുതുകില്‍ കനം തൂങ്ങും
സ്കൂള്‍ബാഗും പേറി
ബസ്സിന്‍ പടികളിറങ്ങുന്നു
പാടുപെട്ടെന്നോമന.

ഓടിച്ചെന്നാ ഭാരമ
തേറ്റു വാങ്ങി,യാകുലം
തളര്‍ന്നൊരാ തൂമുഖം
ആര്‍ദ്രമായ്ത്തഴുകി,യാ-
കൈ പിടിച്ചകത്തേയ്ക്ക,
ങ്ങാനയിക്കവെ,യവള്‍
പതിവായ്‌ ചൊല്ലും കൊച്ചു
വാര്‍ത്തയ്ക്കായ്‌ ചെവിയോര്‍ത്തു.

'ചായതാ വിശക്കുന്നു,'
'സായിദ ചീത്തക്കുട്ടി,
കണക്കു ചെയ്തില്ലവള്‍
കണക്കിന്നടി കിട്ടി'
'അപ്പു ഇന്നൊരു പുത്തന്‍ കുപ്പായമിട്ടു,അച്ഛന്‍,
പട്ടാളക്കാരന്‍,കൊടുത്തയച്ചതാണു പോലും'
'പട്ടാളക്കാര്‍ക്കിങ്ങനെ
കിട്ടുമോ കുപ്പായങ്ങള്‍?'
സംശയം തീര്‍ക്കാന്‍ ചോദ്യ-
മെന്റെ നേര്‍ക്കയക്കുന്നു.

'ഇംഗ്ലീഷു ടീച്ചര്‍ വെരി
ഗുഡെന്നെഴുതി നോട്ടില്‍,
ഹോം വര്‍ക്കുണ്ടേറെച്ചെയ്യാന്‍
ഹെല്‍പു ചെയ്യണമമ്മ'

ഇങ്ങനെ പ്രവഹിക്കു
മക്കിളിക്കൊഞ്ചല്‍,പക്ഷെ,-
യിന്നെന്തോ.. ചാരുമുഖം
മ്ലാനമായ്ത്തന്നെ കാണ്മൂ...!!?

കുടിച്ചതില്ല ചായ,കളിക്കാനോടിയില്ല,
ഹോംവര്‍ക്കു ചെയ്യാന്‍ തെല്ലുമുത്സാഹം കാണിച്ചീല,

ആഫീസില്‍ നിന്നുമച്ഛനെത്തുവാന്‍ വൈകീടുകില്‍
ചോദ്യശരങ്ങളെയ്യും പൊന്നുമകളിന്നച്ഛന്‍
വന്നതും വിളിച്ചതും അറിയാത്തതു പോലെ-
യലസം തന്‍ ചിന്തയില്‍ മുഴുകി നടക്കുന്നു..

'വയറ്റില്‍ സുഖമില്ലെ?
തല വേദനിക്കുന്നോ?
പനിക്കുന്നുണ്ടോ? ക്ലാസ്സില്‍-
കുഴപ്പം..? പറയു നീ '

'ഒന്നുമില്ലെ'ന്നു വീണ്ടും ചൊല്ലിയെന്‍ തങ്കം മുഖം
തിരിച്ചു നട'ന്നച്ഛന്റമ്മണി'ക്കെന്താണാവോ?

സാരമില്ലെന്നു ചൊല്ലി
സന്ത്വനിപ്പിച്ചു പ്രിയന്‍
'നാളെ രാവിലെ പോയി
ചെക്കപ്പു നടത്തീടാം'
* * * *** ***
രാത്രിയേറെയായ്‌ നിദ്ര പൂകിയിട്ടില്ലാ മകള്‍,
ആര്‍ദ്രമെന്‍ ഹൃദന്തത്തിന്‍ നോവുകളുച്ചസ്ഥമായ്‌,
നേര്‍ത്തൊരു കൂര്‍ക്കം വലി,അച്ഛനുറങ്ങി-
യെന്നാലക്കരം കവചമായ്‌ മകളെ പൊതിയുന്നു.

തൊട്ടൂ വിളിച്ചു മാറില്‍
ചേര്‍ത്തണ,ച്ചരുമയോ-
ടോതി'യെന്റെ പൊന്മണീ
പറയൂ വിഷമങ്ങള്‍'

ഏറെ നിര്‍ബന്ധത്തിന്നും സാമവചസ്സുകള്‍ക്കും
ശേഷ,മെന്മുത്തിന്‍ വാക്കു-കേട്ടു ഞാന്‍ ഞടുങ്ങിപ്പോയ്‌.

'അച്ഛനും പോണം ഗള്‍ഫില്‍,
അടുത്തവര്‍ഷം ലീവില്‍-
വരുമ്പോള്‍ 'എയറോഡ്രോ'മില്‍
കൂട്ടുവാന്‍ നാമും പോണം.

ഒത്തിരി ഫോറിന്‍ സാരി,കുപ്പായം, പെര്‍ഫ്യൂം,പെന്‍സില്‍
പുസ്തക സഞ്ചി, സ്വര്‍ണബിസ്കറ്റും വീസിയാറും
നിറച്ച സ്യൂട്ട്‌ കേസുകള്‍ അംബാസിഡറിന്‍ ടോപ്പില്‍
കെട്ടി വച്ചിവിടേയ്ക്കു പോരണം നമുക്കൊപ്പം,

പിറ്റേന്നു സ്കൂളില്‍ കൊണ്ടു-
പോകണം ഫോറിന്‍ ടോഫീസ്‌
കൂട്ടുകാര്‍ക്കൊക്കെ മൂന്നും
രണ്ടുമായ്‌ കൊടുക്കണം.

സൈബുവിന്റുപ്പക്കെന്താകൊമ്പുണ്ടോ ?എന്റച്ഛനും
ഗള്‍ഫിലാ, ണവളുടെയഹങ്കാരം തീര്‍ക്കണം'

കൂടുതല്‍ കേള്‍ക്കാന്‍ വയ്യ, മകളെ നിന്‍ കുരുന്നു
മനസ്സും മോഹിപ്പിക്കും ഭ്രമങ്ങള്‍ക്കടിപ്പെട്ടോ..?!

അക്കരപ്പച്ചയെന്ന വിഭ്രമത്തുരുത്തില്‍ നി-
ന്നെപ്പോഴീ യാഥാര്‍ഥ്യത്തിന്‍ തൂമുഖം ദര്‍ശിക്കും നീ!

മകളേ മനസ്സോടെ കേള്‍ക്കുകെന്‍ വചനങ്ങള്‍
സൈബുവിനില്ലാത്തതാം നമ്മള്‍തന്‍ സൗഭാഗ്യങ്ങള്‍..

അച്ഛനുണ്ടൊരു ജോലി,
നമ്മളെ പുലര്‍ത്തുവാന്‍
കൊച്ചു കണ്മണി,നിന്റെ-
യിച്ഛകള്‍ സാധിക്കുവാന്‍,

അച്ഛനോടൊപ്പം നിത്യം സദ്യയുണ്ണുവാന്‍,ഭയ-
മൊട്ടുമില്ലാതെ രാവില്‍ നിദ്രയെപ്പുണരുവാന്‍...

അച്ഛന്റെയുരുളയ്ക്കായ്‌
ചോരിവായ്‌ തുറക്കുവാന്‍
അച്ഛന്റെവാക്കു കേട്ട്‌-
ചിരിച്ചുല്ലസിക്കുവാന്‍,

അച്ഛനാഫീസില്‍പ്പോകെ മുത്തമേകുവാന്‍,തിരി-
ച്ചെത്തവെ ചോക്ലേറ്റിന്നായ്‌ പടിക്കല്‍ കാത്തീടുവാന്‍,

അച്ഛന്റെ കൈയില്‍ത്തൂങ്ങി
അമ്പലത്തില്‍,ബസാറില്‍,
അഞ്ചുവാന്റി തന്‍ വീട്ടില്‍
അമ്മയേം കൂട്ടിപ്പോകാ-
നൊക്കുമോ.,അച്ഛന്‍ ഗള്‍ഫില്‍പ്പോകുകില്‍? നമ്മള്‍ തനി-
ച്ചെത്ര നാള്‍..?[ഒരു തേങ്ങല്‍ എന്നുള്ളില്‍ തുളുമ്പിയോ...?]

ഒത്തിരിപ്പണം വേണ്ട ഇത്തിരി സുഖം, സ്വസ്ഥം,
കിട്ടുവാനച്ഛന്‍ നമ്മോടൊപ്പമുണ്ടായീടണം.

ഒന്നു നീയോര്‍മ്മിക്കുക സൈബുവിന്നാഡമ്പരം
ദിനങ്ങള്‍ മാത്രം, പിന്നീടെത്ര നാള്‍ കഴിയണം?

നമ്മള്‍ തന്‍ സൗഭാഗ്യങ്ങള്‍ നിത്യമായ്‌ നില നില്‍ക്കാന്‍
പൊന്നു മോള്‍ ദൈവത്തോട്‌ നിത്യവും പ്രാര്‍ഥിക്കണം.

ഒട്ടു ഞാന്‍ നിര്‍ത്തീ തേങ്ങല്‍ കേട്ടുവോ? സത്യം, മുഖം
പൊത്തിയെന്‍ കുരുന്നിതാ വിതുമ്പിക്കരയുന്നു.

'അച്ഛനു ദേഷ്യമക്വോ...?
ഞാന്‍ ചുമ്മാ...'വീണ്ടും തേങ്ങല്‍
എന്തു പറയാന്‍..?ശബ്ദ-
മടഞ്ഞേനൊരു മാത്ര..!

പെട്ടെന്നു കേട്ടു സ്നേഹസാന്ദ്രമാം സ്വരം 'കണ്ണേ,
ഉറങ്ങൂ മിഴി പൂട്ടി,അച്ഛനുണ്ടരികത്ത്‌'.'

പിടഞ്ഞാള്‍ തിരിഞ്ഞാള്‍ പി-
ന്നച്ഛന്റെമാറില്‍ മുഖ-
മൊളിപ്പിച്ചൊരു മന്ത്രം
കേട്ടു ഞാന്‍ 'പൊന്നിന്റച്ഛാ...'!!

കരളില്‍ കുളിര്‍ വര്‍ഷം, കണ്ണുകള്‍ തുളുമ്പുന്നു
കരങ്ങള്‍ നെഞ്ചില്‍ച്ചേര്‍ന്നു ,കരുണേശ്വരാ..സ്വസ്തി...!!!

53 comments:

Jishad Cronic said...

നല്ല ഈണത്തില്‍ വായിച്ചു...

ഭ്രാന്തനച്ചൂസ് said...

കുരുന്ന് മനസ്സിലേ വെമ്പലുകളും, ചിന്തകളും വളരെ നന്നയി അവതരിപ്പിച്ചു. പ്രവാസികളായ ഒരു പാട് അച്ഛന്മാരുടെ മനസ്സിലേ സ്വപ്നങ്ങളാണിവയൊക്കെ എന്ന് ആ കുരുന്നിന് മനസ്സിലാക്കി കൊടുത്തല്ലോ...അഭിനന്ദനങ്ങള്‍....

വരവൂരാൻ said...

നന്നായിരിക്കുന്നു.

the man to walk with said...

Nice ..
Best wishes

കനല്‍ said...

ഇത്തരം കവിതകളാനി-
ക്കേറെയിഷ്ടം ചൊല്ലി തരുമോ
ടീച്ചറെയിനിയുമേറെ.

:)

Muyyam Rajan said...

Best Wishes

സാബിബാവ said...

പിഞ്ചോ മനയുടെ കുറുമ്പും കൊഞ്ചലുകളും അമ്മയുടെ വാത്സല്ല്യവും
നല്ല രീതിയില്‍ വരച്ചു കാട്ടിയ കവിത .ഇഷ്ട്ടമായി സാധാരണ കവിതകളില്‍ നിന്നും ഒരു മാറ്റം നന്നായി .

Unknown said...

.

അനില്‍കുമാര്‍ . സി. പി. said...

ഒരു കവിതയെന്ന നിലയില്‍ പ്രത്യേകതകളൊന്നും ഇല്ലെങ്കില്‍ കൂടി കൈകാര്യം ചെയ്ത വിഷയം, അതവതരിപ്പിച്ച ആര്‍ദ്രമായ രീതി വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു. ജീവിതത്തിന്റെ ഈ കൊച്ചു കൊച്ചു സൌഭാഗ്യങ്ങള്‍ നഷ്ട്മാകാന്‍ വിധിക്കപ്പെട്ട ഒരച്ഛനായതു കൊണ്ടാവാം പലപ്പൊഴും മിഴികള്‍ നിറഞ്ഞു തുളുമ്പിയത്.

ഈ കവിത മനസ്സിലൊരു വല്ലാത്ത നോവായി ബാക്കി നില്‍ക്കുന്നു.

“അച്ഛന്റെയുരുളയ്ക്കായ്‌
ചോരിവായ്‌ തുറക്കുവാന്‍
അച്ഛന്റെവാക്കു കേട്ട്‌-
ചിരിച്ചുല്ലസിക്കുവാന്‍,
അച്ഛനാഫീസില്‍പ്പോകെ മുത്തമേകുവാന്‍,തിരി-
ച്ചെത്തവെ ചോക്ലേറ്റിന്നായ്‌ പടിക്കല്‍ കാത്തീടുവാന്‍,
അച്ഛന്റെ കൈയില്‍ത്തൂങ്ങി
അമ്പലത്തില്‍,ബസാറില്‍,
അഞ്ചുവാന്റി തന്‍ വീട്ടില്‍
അമ്മയേം കൂട്ടിപ്പോകാ-
നൊക്കുമോ.,അച്ഛന്‍ ഗള്‍ഫില്‍പ്പോകുകില്‍?”

പുറത്തെക്ക് വരാതൊരു വിതുമ്പല്‍ ഉള്ളിലെവിടെയോ ഞെരിഞ്ഞമരുന്നു!

mini//മിനി said...

വായിച്ച് തീരും വരെ ടെൻഷനടിച്ചുപോയി, എത്ര സുന്ദരം, എത്രംനോഹരം ഈ കവിത,

Unknown said...

കവിത മനോഹരം, നല്ല വായനാസുഖവും!
ആശംസകള്‍ :)

വീകെ said...

പെട്ടെന്നു കേട്ടു സ്നേഹസാന്ദ്രമാം സ്വരം 'കണ്ണേ,ഉറങ്ങൂ മിഴി പൂട്ടി,അച്ഛനുണ്ടരികത്ത്‌'

ഈ വരികളിൽ എത്തിയപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു..!?
എന്റെ മക്കളുടെ കയ്യോ,കാലോ വളരുന്നതെന്ന് എനിക്കിതു വരെ കാണാനായിട്ടില്ല. അഛനില്ലാതെയാണവർ ഇതു വരെ വളർന്നത്..
അപ്പോൾ എനിക്കെങ്ങനെ ഈ വരികൾ വായിക്കാനാവും...?!
'കണ്ണേ,ഉറങ്ങൂ മിഴി പൂട്ടി,അച്ഛനുണ്ടരികത്ത്‌'

ഈ കവിത എനിക്കൊരുപാടിഷ്ടായി...
അഭിനന്ദനങ്ങൾ....

K.P.Sukumaran said...

നന്നായിരുന്നു... ഈ കവിത ആലപിച്ച് ഓഡിയോ പോസ്റ്റ് ആക്കാമോ :)

joice samuel said...

കരളില്‍ കുളിര്‍ വര്‍ഷം,
കണ്ണുകള്‍ തുളുമ്പുന്നു
കരങ്ങള്‍ നെഞ്ചില്‍ച്ചേര്‍ന്നു കരുണേശ്വരാ..സ്വസ്തി...


ഒരുപാടിഷ്ടമായ് ചേച്ചി....!! :)
ആശംസകളോടെ,
ജോയ്സ്..!!

Ranjith chemmad / ചെമ്മാടൻ said...

താളമുണ്ട്..!

Unni Mohan said...

kollam... kollam...

Unknown said...

‘കെട്ടിപ്പിടിച്ചൊരുമ്മ‘ എന്നു പറയാൻ പാടില്ലാത്തതു കൊണ്ടു അതു ചെയ്യുന്നില്ല.വളരെ മനോഹരമായ ഒരാശയം ഹൃദ്യമായി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ.. അങ്ങനെ ഏഴുതി എഴുതി തെളിയട്ടെ! ഭാവുകങ്ങൾ..

Umesh Pilicode said...

കൊള്ളാം ...

Anonymous said...

അക്കരപ്പച്ചയെന്ന വിഭ്രമത്തുരുത്തില്‍ നി-
ന്നെപ്പോഴീ യാഥാര്‍ഥ്യത്തിന്‍ തൂമുഖം ദര്‍ശിക്കും നീ!

Manoraj said...

കവിതയില്‍ ഒട്ടേറെ വ്യത്യസ്തത കണ്ടില്ല. എങ്കിലും പ്രമേയം കൊള്ളാം. കെ.പി.സുകുമാരന്‍ മാഷ് പറഞ്ഞത് പോലെ കവിത ആലപിച്ച് കേള്‍ക്കണമെന്ന് തോന്നുന്നു.

ente lokam said...

ലളിതമായ അവതരണം...ആലപിച്ചു
തന്നെ വായിക്കാന്‍ ഉള്ള താളം ഉണ്ട്.. കുഞ്ഞിനു
കാര്യം മനസ്സിലായല്ലോ..നാടിന്റെ മഹത്വം നാമെങ്ങനെ
ഇവരെ പറഞ്ഞു മനസ്സിലാക്കും.അത് അനുഭവിച്ചവര്‍ക്കല്ലേ
അറിയൂ..ഉള്ളവന് ഇല്ലാത്തവന്റെ വേദന അറിയാന്‍ വളരെ
വിഷമം ആണ്...പിന്നെ കുട്ടിയുടെ ചിന്തകള്‍ ആണ് വിഷയം
എന്നത് കൊണ്ട് തന്നെ കവിതയുടെ ആഴത്തിലേക്ക് ചിന്തിക്കേണ്ടതില്ല.
എന്ന് തോന്നുന്നു...കുട്ടി കവിത തന്നെ ആയി വായിക്കാം അല്ലെ..

K@nn(())raan*خلي ولي said...

ഒരു അമ്മയുടെ വിഹ്വലതകള്‍ ഇതിലുണ്ട്. അതാണ്‌ ഈ രചനയുടെ ശക്തിയും. ഈണത്തില്‍ പാടിയില്ലെന്കിലും മനസ്സറിഞ്ഞു വായിച്ചു.

ഹംസ said...

ഒന്നു നീയോര്‍മ്മിക്കുക സൈബുവിന്നാഡമ്പരം
ദിനങ്ങള്‍ മാത്രം, പിന്നീടെത്ര നാള്‍ കഴിയണം?

നമ്മള്‍ തന്‍ സൗഭാഗ്യങ്ങള്‍ നിത്യമായ്‌ നില നില്‍ക്കാന്‍
പൊന്നു മോള്‍ ദൈവത്തോട്‌ നിത്യവും പ്രാര്‍ഥിക്കണം.


മനസ്സില്‍ വല്ലതെ സ്പര്‍ശിച്ച വരികള്‍ :)

മാണിക്യം said...

"അച്ഛനോടൊപ്പം നിത്യം സദ്യയുണ്ണുവാന്‍,ഭയ-
മൊട്ടുമില്ലാതെ രാവില്‍ നിദ്രയെപ്പുണരുവാന്‍..."

നല്ല കവിത നല്ല ആശയം
അച്ഛന്റെ സാമീപ്യത്തോളം വലുതല്ല സമ്പാദ്യവും ആടംഭരവും.

keraladasanunni said...

കുരുന്നുമനസ്സില്‍ അക്കരപച്ചയുടെ സൌഭാഗ്യം
കൊതിയുണര്‍ത്തിയതും അച്ഛന്‍റെ സാന്നിദ്ധ്യം അതിലേറെ വിലപ്പെട്ടതാണെന്ന് അമ്മ ബോദ്ധ്യപ്പെടുത്തുന്നതും
അസ്സലായിട്ടുണ്ട്. കവിത ഇഷ്ടപ്പെട്ടു.

t.a.sasi said...

ലീലടീച്ചറെ കവിത വായിച്ചു..
പുതിയ കവികള്‍ക്ക് ഇങ്ങിനെ
എഴുതാന്‍ ക്ഷമയില്ല..ടീച്ചറുടെ
കവിത വായിച്ച് കുറേ പഠിക്കുവാനുണ്ട്..
അതിനാല്‍ പിന്നെയും പിന്നെയും വായിക്കട്ടെ

t.a.sasi said...
This comment has been removed by the author.
ജന്മസുകൃതം said...

മണിനാലടിച്ചല്ലൊ - മണിനാലടിച്ചല്ലോ
പ്രാര്‍ഥനാഗീതങ്ങളെന്‍ ഹൃത്തില്‍ നിന്നുയരുന്നു - ഹൃദയത്തില്‍ നിന്നുയരുന്നു
ശേഷ,മെന്മുത്തിന്‍ വാക്കു-കേട്ടു ഞാന്‍ ഞടുങ്ങിപ്പോയ്‌ - നടുങ്ങിപ്പോയ്
ണവളുടെയഹങ്കാരം തീര്‍ക്കണം- അവളുടെയഹങ്കാരം
പിടഞ്ഞാള്‍ തിരിഞ്ഞാള്‍ - പിടഞ്ഞാല്‍ തിരിഞ്ഞാല്‍

-- പിടഞ്ഞാല്‍ അല്ല പിടഞ്ഞാള്‍ എന്നാണ് കേട്ടോ ഉദ്ദേശിച്ചത് .(അവള്‍ പിടഞ്ഞു)
ഒന്നാമതെത്തിയ ജിഷുവിന് തന്നെ ഒന്നാമത്തെ നന്ദി.

ജന്മസുകൃതം said...
This comment has been removed by the author.
jayanEvoor said...

നല്ല രസം,വായിക്കാൻ!

എന്റെ മോളെ ഓർമ്മ വന്നു!

ജന്മസുകൃതം said...

കവിതയെക്കുറിച്ച് പറഞ്ഞതിനെല്ലാം ഒരുപാടൊരുപാട് നന്ദി.
ഇന്നത്തെപ്പോലെ ലോകം വിരല്‍ തുമ്പത്തുള്ള കാലത്തിനു മുന്‍പ് കുറിച്ചതാണീ കവിത.
ക്ലാസ്സില്‍ കുട്ടികള്‍ ക്കിടയില്‍ കണ്ടിട്ടുള്ള ഈ ചിന്തകള്‍ സ്വാംശികരിച്ചു എന്നെ ഉള്ളു.
പക്ഷെ ചില ഹൃദയങ്ങളില്‍ അത് ഒരു നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി എന്നത് എന്നെയും വിഷമിപ്പിക്കുന്നു.
അതൊരു സുഖമുള്ള ഓര്‍മ്മയായി മാറട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
വന്നു പോയവര്‍ക്കും വരികള്‍ കുറിച്ചവര്‍ക്കും നേരിട്ട് മെയില്‍ അയച്ചവര്‍ക്കും എല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി.ഇനിയും വരണം.
വിലപ്പെട്ട ഓരോ വാക്കുകളും നല്‍കുന്ന പ്രചോദനം അതിരറ്റതാണ്‌ .

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu.....j

jayan said...

ഇഷ്ടായി .... ഭാവുകങ്ങള്‍ ....
- ജയന്‍ - IIT Mumbai

Sunith Somasekharan said...

kavitha ezhuthaan vendi ezhuthiyathu pole thonni ..... hridayathil ninnu vannathaayi thonniyilla... vishayam mosamalla... veendum pratheekshikkunnu.... best wishes ...

Sunith Somasekharan said...
This comment has been removed by the author.
Anonymous said...

Valare nannayittund. Ashamsakal

ജന്മസുകൃതം said...

മുംബയില്‍ നിന്നും വിജയകുമാര്‍ പറയുന്നു.

"
ജീവിത യാത്രയുടെ തുടക്കത്തി ല്‍ തന്നെ മനുഷ്യ മനസ്സില്‍ വന്നു ചേരുന്ന മത്സര ബുദ്ധിയുടെ പ്രതിഫലനം കവിതയില്‍ കാണാന്‍ കഴിഞ്ഞു മുംബൈയില്‍ ആയതിനാല്‍ അംബാനി സഹോദരങ്ങളുടെ മത്സരബുദ്ധിയെപറ്റി ഓര്‍ത്ത് പോയി . ജ്യേഷ്ടന്റെ വീട് 27 നില . അനുജന്‍ അതിലും വലിയത് പണിയാന്‍ തുടങ്ങുന്നു
മത്സരബുദ്ധി മനുഷ്യമനസ്സിലെ കുട്ടി (ഫ്രോയിഡിന്റെ ഭാഷയില്‍ "Id ") യുടെ താണെന്നും കവിതയിലെ അമ്മ മനസ്സിനുള്ളില്‍ ജീവിതത്തിന്റെ ആവശ്യങ്ങളെയും അത്യാര്‍ത്തി കളെയും കുറേക്കൂടി പ്രായോഗികമായി കാണുന്ന പക്വതയുള്ള വ്യക്തി (ഫ്രോയിഡ് -ന്റെ "ego ") ആണെന്നും തോന്നി . മത്സരബുദ്ധിയെന്ന വിഡ്ഢി ത്താതെ നിയന്ത്രിക്കാന്‍ എന്നെങ്കിലും മനുഷ്യര്‍ക്ക്‌ കഴിഞ്ഞാലോ ?

. . . ഓ ! അങ്ങിനെ ആയാല്‍ ജീവിക്കാന്‍ എന്ത് സുഖമായേനെ !"

Villagemaan/വില്ലേജ്മാന്‍ said...

എന്തിനിത്ര വേഗത്തില്‍ സൂചി കറങ്ങുന്നു...

സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ലല്ലോ :(
നന്നായി കേട്ടോ..

Anonymous said...

ഞാനിന്നു ഇതുപോലൊരു ടെന്‍ഷനില്‍ ആയിരുന്നു......വളരെ നന്നായിരിക്കുന്നു.........

Unknown said...

കവിത മനോഹരം

Kalavallabhan said...

നല്ല കവിത.
പറയാനുള്ളതെല്ലാം പറഞ്ഞുവച്ചു.
കൂട്ടത്തിലൊന്നുകൂടി പറഞ്ഞോട്ടെ, അല്പം കൂടി ക്ഷമ കാട്ടിയിരുന്നെങ്കിൽ അല്പം കൂടി നന്നാക്കാമായിരുന്നു.

Unknown said...

valare nannayi very nice and quite

oro janmangalum anubhavikkeendi varunna karyangal valare manoharamayi cheythirikkunnu

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല ഒരു കവിത വായിച്ചു

അതിരുകള്‍/പുളിക്കല്‍ said...

പ്രവാസിയല്ലെങ്കിലും കണ്ണുകലങ്ങിപ്പോയി....

പട്ടേപ്പാടം റാംജി said...

ഒത്തിരിപ്പണം വേണ്ട ഇത്തിരി സുഖം, സ്വസ്ഥം,
കിട്ടുവാനച്ഛന്‍ നമ്മോടൊപ്പമുണ്ടായീടണം.

നൊമ്പരം വിതറിയ ആര്‍ദ്രമായ വരികളിലൂടെ ഒരു കൊച്ചുകുഞ്ഞിന്റെ കണ്ണിലൂടെ മനസിലൂടെ കടന്നുപോയ ചിന്തകള്‍ ഒരു വലിയ കഥ പോലെ നന്നായി അവതരിപ്പിച്ച കവിത.

കൃസ്തുമസ് നവവല്‍സരാശംസകള്‍.

A said...

നല്ല വരികള്‍

എന്‍.ബി.സുരേഷ് said...

കവിതയുടെ പാരമ്പര്യഭംഗി ഉണ്ട്. പ്രയോഗങ്ങൾ, വാക്കുകൾ, നിലപാടുകൾ അങ്ങനെയെല്ലാത്തിലും നന്മകൾ സൂക്ഷിക്കുന്നു.
ജീവിതത്തിൽ മദ്ധ്യവർഗ്ഗസമൂഹം അനുഭവിക്കുന്ന പ്രതിസന്ധി ഉണ്ട്.

പക്ഷേ

കവിത കാലത്തെ പേറുന്നില്ല
ഉദാഹരണം ഹൃത്ത്, ഹൃദന്തം എന്നിങ്ങനെ ഇപ്പോൾ ഓ എൻ വി പോലും എഴുതുമോ എന്ന് സംശയം.

സമകാലികതയെ എഴുതാത്തവർ ഒരു കാലത്തിന്റെയും എഴുത്തുകാരാവില്ല എന്ന് കെ.പി.രാമനുണ്ണി അടുത്തിടെ പറഞ്ഞതിനെ നാം ഓർക്കണം. വിഷയത്തിൽ, കാവ്യരീതിയിൽ പുതുമ വേണം.

അസാധാരണമായ കാവ്യമനസ്സുള്ള ചേച്ചി അത്തരത്തിൽ ശ്രമം നടത്തുമെന്ന് പ്രത്യാശിക്കുന്നു.

ഒരു കഥ പറയൽ കവിതയുടെ ലക്ഷ്യമല്ലല്ലോ.

എത്രയോ ചെറുതാക്കാമായിരുന്ന ഒരു കവിതയാണിത്.

ശാന്ത കാവുമ്പായി said...

നന്നായിരിക്കുന്നു.പുതുവത്സരാശംസകൾ

sreee said...

ഇഷ്ടത്തോടെ വായിച്ചു.പുതുവത്സരാശംസകൾ

sm sadique said...

ഒരമ്മമനസ്സ് ഈ കവിതയിൽ നിറഞ്ഞിരിക്കുന്നു.
പ്രാർഥനയോടെ………..

rasmi said...

Thank u for the poem. Sarikkum kannu niranju. Achan ethra valiya padam aanalle!
Rasmi Binoy

i like some d........... said...

very good... best wishes

Echmukutty said...

nalla varikal.

kavita valare ishttappettu. abhinandanagal.