Saturday, June 12, 2010

കാത്തിരിപ്പ്‌

എത്ര നാളുകളായി
കാത്തു ഞാനിരിക്കുന്നു
മിത്രമേ നീയെന്‍ ചാരെ-
യെത്തിടും നേരം നോക്കി,

ശപ്തമോഹങ്ങള്‍ നൂറു-
നൂറായി നിറഞ്ഞെന്റെ
തപ്തമാം ഹൃത്തില്‍ത്തുള്ളി-
ത്തുളുമ്പിയൊഴുകുന്നു.

വ്യാകുല സ്മരണയും
തേനുറും സ്വപ്നങ്ങളും
വ്യാധികളൊഴിഞ്ഞു പോം
നിമിഷം കൊതിക്കുന്നു.

സ്വാഗതം പറയുവാ-നീ
വിശ്വമൊക്കെയും നീ-
യാഗതനാകുന്നതും
കാത്തു കാത്തിരിക്കുന്നു.

നിനക്കായ്‌ കിളികുലം
രാഗങ്ങള്‍ മൂളീടുന്നു
നിനക്കായ്‌ മലരുകള്‍
പൂത്താലം ഒരുക്കുന്നു ,

കിഴക്കന്‍ ചക്രവാളം
ചെഞ്ചായമണിയുന്നു,
മഴവില്‍ക്കൊടി വര്‍ണ്ണ-
ത്തോരണം തൂക്കീടുന്നു

സ്വച്ഛനീലാംബരത്തില്‍
വെണ്‍ മേഘക്കുരുന്നുകള്‍
സ്വച്ഛന്ദം പദംവച്ചു
നര്‍ത്തനം ചെയ്തീടുന്നു,

പനിനീര്‍ മണം പേറും
മന്ദമാരുതന്‍ സ്നേഹാല്‍
പരിരംഭണത്തിന്നായ്‌
കരങ്ങള്‍ നീട്ടീടുന്നു,

കരളില്‍ പുളകത്തിന്‍
പൂക്കളങ്കുരിപ്പിക്കും
കുളിര്‍ നീരരുവികള്‍
കുണുങ്ങിപ്പാഞ്ഞീടുന്നു,


നീലസാഗരം നുര-
ക്കൈകളാല്‍ നിത്യം തീരം
നിനക്കായ്‌ വീണ്ടും വീണ്ടും
കഴുകിത്തുവര്‍ത്തുന്നു,

നിനക്കായ്‌ ഭൂഗോളങ്ങള്‍
ഭ്രമണം തുടരുന്നു
നിനക്കു മാത്രമായെന്‍
ഹൃദയം സ്പന്ദിക്കുന്നു,

എന്നിട്ടും അനുഗ്രഹം
ചൊരിയാന്‍ മടിച്ചെങ്ങോ
നിന്നിടും ചങ്ങാതിയെ
കാത്തു ഞാനിരിക്കുന്നു,

എപ്പോഴീ കാത്തിരിപ്പി-
ന്നന്ത്യമെന്നറിയാതെ,
എത്തുമോ എന്നെങ്കിലും
എന്നതുമറിയാതെ......
************************

ലീല എം ചന്ദ്രന്‍





12 comments:

ഷാജി നായരമ്പലം said...

കാത്തിരിപ്പതേ സുഖം! കണ്ണിമയണയ്ക്കാതെ,
എത്തിടും കാലം വരെ ഏറ്റവും മോദത്തോടെ.
തീര്‍ച്ചയീ വരച്ചിട്ടതെത്രയും മനോഹരം
കാഴ്ചകള്‍ കാണാന്‍ വീണ്ടു വന്നിടാമിടയ്ക്കൊക്കെ!

Jishad Cronic said...

എപ്പോഴീ കാത്തിരിപ്പി-
ന്നന്ത്യമെന്നറിയാതെ,
എത്തുമോ എന്നെങ്കിലും
എന്നതുമറിയാതെ......

Unknown said...

കാത്തിരിപ്പൊരു സുഖം തന്നെ ആണ് ..ഈ കവിത ചൊല്ലാൻ ഒരു ശ്രമം നടത്തുന്നുണ്ട് കെട്ടോ

വിധു ശങ്കര്‍ said...

keettukondirikke kaathirippinnakalcha dooreyaay minnimarayum nakshthram polee...
kaathirikkan..... athoru pratyeeka sugham thanneyalleee.. aarokkeyo namukkaayundenna viswaasam

ഗീത said...

കവയിത്രിക്കൊപ്പം പ്രകൃതിയിലെ ചരാചരങ്ങളും വരവേല്‍ക്കാനൊരുങ്ങി കാത്തിരിക്കുന്ന ആ പ്രിയ ചങ്ങാതി ആരാണാവോ?

സുഖകരമായൊരു നൊംബരമാണല്ലോ ആ കാത്തിരിപ്പ്. വരും എന്നെങ്കിലും. തീര്‍ച്ച.

നാടകക്കാരന്‍ കവിത ചൊല്ലുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

ജന്മസുകൃതം said...

shaji, jishad,nadakakkaran,vidhu sankar,geetha....ellavarkkum ente sneham njan tharunnu.
theerchayaayum kathiripp oru sukham thanne.nadakakkaran kavitha cholluka.kelkkan njanum kaathirikkuka mathramalla,kathothirikkum.varika idaykkide.

cp aboobacker said...

കവിതയുടെ വര്‍ത്തമനങള്‍ പറയുമ്പോള്‍ നമ്മുക്കു കുറെയേറെ പറയേണ്ടി വരും.

ബയാന്‍ said...

മഴ പെയ്തു തുടങ്ങിയല്ലെ

സ്നേഹതീരം said...

സ്വാഗതമോതുവാന്‍ വിശ്വമൊന്നാകെ കാത്തിരിക്കുന്ന ആ ചങ്ങാതിക്ക് എത്ര നാള്‍ മറഞ്ഞിരിക്കാനാവും...



ടീച്ചറിന്റെ കവിത വായിക്കുകയല്ല, അനുഭവിക്കുകയാണ് ചെയ്തത്..
അഭിനന്ദനങ്ങള്‍.

സനില്‍ എസ് .കെ said...

ഇങ്ങനെ ആരെങ്കിലും കാത്തിരിക്കുവാനുണ്ടായിരുന്നെങ്കില്‍ ....
വെറുതേ മോഹിച്ചു പോകുന്നു ....

അഭിനന്ദനങ്ങള്‍ ടീച്ചറേ ..

Junaiths said...

സുഖമുള്ള വേദന
ഈ കാത്തിരുപ്പിന്‍ വേദന...

പരമാര്‍ഥങ്ങള്‍ said...

what a wondering love affection!