Saturday, September 22, 2012

മുറിപ്പാടുകള്‍

മൌനം ചിലപ്പോള്‍
എത്ര ഭീകരമായ അവസ്ഥയാണ്
സൃഷ്ടിക്കുന്നത്.
പതറാതെ,
ഇടറാതെ ഒരു വാക്ക്
പുറത്ത്‌ വന്നിരുന്നെങ്കില്‍
ഈ ദുരനുഭവങ്ങള്‍
ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
ചിലകാര്യങ്ങള്‍
അങ്ങനെയാണ്.
അനുഭവിക്കേണ്ട ക്രൂര നിമിഷങ്ങള്‍
എന്ന് എഴുതപ്പെട്ടവ
അനുഭവിച്ചേ തീരു.
അതിനു നിമിത്തമാകുന്നതും
വേദനാകരമായ അനുഭവം ആണല്ലോ.
എങ്കിലും പറയുന്ന കാര്യങ്ങള്‍
എന്ത്,
ആരോട്,
എവിടെ വച്ച്,
അതിന്റെ ഭവിഷ്യത്ത് എന്താകാം ...,
എന്ന്   ചിന്തിക്കാന്‍ അല്പം സമയം 
എടുത്തിരുന്നെങ്കില്‍ ....???
മനസ്സിന്റെ അപക്വത
അവിടെ അരങ്ങു വാഴുകയാണല്ലോ..!!
ചെകുത്താന്റെ സ്വാധീനം
ഉച്ച ശക്തിയില്‍ നില്‍ക്കുമ്പോള്‍
തുറന്ന വായില്‍ നിന്നും 
അടക്കമില്ലാത്ത നാവിന്റെ 
രൌദ്രമാര്‍ന്ന ജല്പനങ്ങള്‍...!!
മൂര്‍ച്ചയേറിയ ഏതെല്ലാം ആയുധങ്ങള്‍  ആണ്
നിമിഷങ്ങള്‍ കൊണ്ട്  
ചുറ്റും നിരന്നത്... !!  
മനസ്സിനും അഭിമാനത്തിനും മേല്‍
കൊടുംകാറ്റായി ,
പ്രളയമായി ,
മഹാപ്രവാഹമായി
ആഞ്ഞടിക്കുകയായിരുന്നു.
ഒരു തെറ്റും ചെയ്യാതെയാണ്
ഈ വേദനകള്‍ ഏറ്റു വാങ്ങുന്നത് 
എന്നത് വേദനയുടെ ആഴത്തിന്
അതിരില്ലതാക്കി .
എന്നിട്ടും    
നിശ്ശബ്ദം നിന്നു. 
എല്ലാം പെയ്തൊഴിഞ്ഞപ്പോള്‍
മഹാസമാധിയില്‍ നിന്നും
ഒരു മടങ്ങി വരവ്....!
കീറിപ്പറിഞ്ഞ ഹൃദയശകലങ്ങള്‍  കൂട്ടിച്ചേര്‍ത്ത്
സ്വയം ഊതി ഊതി മുറിവുകള്‍
ഉണക്കാന്‍,
മറക്കാന്‍,
കഠിനമായ ശ്രമം ...!
പ്രത്യാക്രമണം ഉണ്ടാകാത്തതിന്റെ  
നിരാശയില്‍ ആവണം, 
പശ്ചാത്താപത്തിന്റെ 
വെണ്ണയില്‍ 
ചില തലോടലുകള്‍....!
എത്ര പൊതിഞ്ഞാലും
കാണാതിരിക്കുമോ....,
എത്ര ശ്രമിച്ചാലും 
മായ്ക്കാന്‍ കഴിയുമോ 
ആ മുറിപ്പാടുകള്‍  ..? !!


Thursday, September 6, 2012

സ്വന്തം നാട്


 
അക്ഷരത്തിനു പകരം നല്‍കാന്‍
 വെട്ടുവഴിയില്‍
അന്‍പത്തിയൊന്നു 

മുറിപ്പാടുകള്‍,
മലയാളി എന്നഭിമാനിക്കാന്‍
മടവാളില്‍
നിറഭംഗി ചേര്‍ന്ന 

ചായങ്ങള്‍ ,
ദൈവത്തിന്റെ നാടെന്നു 

ഉറക്കെ ഘോഷിക്കാന്‍
നാവരിഞ്ഞിട്ട ചാപ്പകള്‍ ...
ഇവിടെ വിളയുന്നത്
നികുതി വേണ്ടാത്ത 

വിളവുകള്‍,
ഇറക്കുമതിക്കു
തീവ്രവാദ ചിന്തകള്‍ ,
അന്തരംഗം 

അഭിമാന പൂരിതമാക്കും
സാത്താന്റെ  വചനങ്ങള്‍.
ഇത് നാട് ...
എന്റെയും
ദൈവത്തിന്റെയും
സ്വന്തം നാട്.